പത്തനംതിട്ട: കൈക്കൂലി കേസില്‍ പ്രതിയായിരുന്ന തിരുവല്ല താലൂക്ക് ഓഫീസ് അറ്റന്റര്‍ക്ക് ഏഴുവർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. 45,000 രൂപ പിഴയടക്കാനും വിധിയില്‍ ആവശ്യപ്പെട്ടു.
താലൂക്ക് ഓഫീസ് അറ്റന്ററായിരുന്ന കൊല്ലം കാവനാട് സ്വദേശി പി.വിൻസിക്കെതിരെയാണ് നടപടി. വിജിലൻസ് കോടതി ജഡ്ജി രാജകുമാര്‍ എം.വിയാണ് ശിക്ഷ വിധിച്ചത്.
2014ലാണ് കേസിന് ആസ്പദമായ സംഭവം. വസ്തു അളന്ന് സര്‍വ്വേ നമ്പര്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
നിരണം സ്വദേശിയും കേസിലെ പരാതിക്കാരനുമായ ശശികുമാറിന്റെ പിതാവിന്റെ പേരിലുള്ള സ്ഥലം അളന്നു തിരിച്ചു സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിനാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
നിലവിൽ പത്തനംതിട്ട റവന്യൂ റിക്കവറി ഓഫീസിൽ അറ്റൻഡർ ഗ്രേഡ് II ആയി ജോലി ചെയ്തുവരികയായിരുന്നു.
രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000 രൂപയും, മൂന്ന് വർഷം കഠിനതടവും 20,000 രൂപയും ഉൾപ്പെടെ ആകെ ഏഴ് വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി അറിയിച്ചു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലില്‍ റിമാന്‍ഡ് ചെയ്തു.