മുംബൈ: അധോലോക നേതാവ് ലഖന്‍ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുംബൈ മുന്‍ പൊലീസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബോംബെ ഹൈക്കോടതി. കേസില്‍ 12 പൊലീസ് ഉദ്യോഗസ്ഥരുടെയും ഹിതേഷ് സോളങ്കിയുടെയും ശിക്ഷ ബെഞ്ച് ശരിവച്ചു. മനോജ് മോഹന്‍ രാജ് എന്ന മണ്ണു, ശൈലേന്ദ്ര പാണ്ഡെ, സുരേഷ് ഷെട്ടി എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. പതിനെട്ട് വർഷം മുൻപ് നടന്ന സംഭവത്തിലാണ് കോടതിയുടെ നടപടി.
2006ൽ ലഖൻ ഭയ്യ എന്നറിയപ്പെട്ടിരുന്ന രാംനാരായണ്‍ ഗുപ്തയെ അധോലോക സംഘത്തലവൻ ഛോട്ടാ രാജന്റെ സഹായിയാണെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ ആറു പേരെ കോടതി വെറുതെവിട്ടു. പോലീസ് സ്ക്വാഡ് രൂപീകരിച്ചത് മുതൽ വ്യാജ ഏറ്റുമുട്ടൽ നടത്തിയതുവരെ എല്ലാം മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമാണെന്ന പ്രോസിക്യൂഷൻ വാദം തെളിഞ്ഞെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രേവതി മൊഹിതെ ടെറെ, ഗൗരി ഗോഡ്സെ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംഭവത്തിന്റെ ഏക ദൃക്സാക്ഷിയായ അനിൽ ഭേഡ 2011ൽ കോടതിയിൽ മൊഴി നൽകുന്നതിന് ദിവസങ്ങൾ മുൻപ് ദാരുണമായി കൊല്ലപ്പെട്ടു. അതിനു പിന്നിലെ പ്രതികളെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് തികഞ്ഞ നാണക്കേടും നിയമത്തെ പരിഹസിക്കുന്നതിന് തുല്യവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രദീപ് ശർമ്മയോട് മൂന്നാഴ്ചയ്ക്കകം കീഴടങ്ങാനും കോടതി നിർദേശിച്ചു.
2019ല്‍ ജോലി രാജിവച്ച പ്രദീപ് ശര്‍മ്മ ശിവസേനയില്‍ ചേര്‍ന്നിരുന്നു. മുംബൈ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.