ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനമായി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റില്‍ ഏപ്രില്‍ 19നാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 27 ആണെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഉത്സവം പ്രമാണിച്ച് ബിഹാറില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 28ലേക്കു നീട്ടി. സംസ്ഥാനത്ത് ആകെയുള്ള 40 മണ്ഡലങ്ങളിലെ 4 സീറ്റിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 28നാണ്.
ബിഹാറില്‍ മാര്‍ച്ച് 30നും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മറ്റിടങ്ങളില്‍ മാര്‍ച്ച് 20ഉം ബിഹാറില്‍ ഏപ്രില്‍ രണ്ടിനുമാണ്. അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ആകെ 7 ഘട്ടങ്ങളിലായാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19, 26, മേയ് 7, 13, 20, 25, ജൂണ്‍ 1 തീയതികളിലാണു വോട്ടെടുപ്പ്. കഴിഞ്ഞ ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. അതിന് രണ്ടു ദവിസം മുന്‍പായിരുന്നു പുതിയ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിച്ചതും.