ടിപ്പറില്‍ നിന്ന് കല്ലു വീണ് ബി.ഡി.എസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു.അനന്തുവിന്റെ വേര്‍പാട് മനസാക്ഷിയെ ഞെട്ടിക്കുന്ന ഏറ്റവും വലിയ അപകടമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. അത് അംഗീകരിക്കാനാവില്ല. അനന്തുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി അദാനിയുടെ കമ്പനിതന്നെ തയ്യാറായിട്ടുണ്ട്. സര്‍ക്കാരിന് എന്തു ചെയ്യാനാകുമെന്ന് ആലോചിച്ച് ചെയ്യാമെന്നും മന്ത്രി പറഞ്ഞു. അനന്തുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മന്ത്രി ജി.ആര്‍. അനിലും, എം. വിന്‍സെന്റ് എം.എല്‍.എഷ മുന്‍ മന്ത്രി അന്റണി രാജു എന്നിവരും അനന്തുവിന്റെ വീട്ടിലെത്തിയിരുന്നു. നാടാകെ കണ്ണീരിലാഴ്്ത്തിയാണ് അനന്തുവിന്റെ മടക്കം. ഇന്ന് സംസ്‌ക്കാരം നടത്തും. അനന്തുവിനൊപ്പം പഠിക്കുന്ന ബി.ഡി.എസ് വിദ്യാര്‍ത്ഥികളും നാട്ടുകാരും, കുടുംബംഗങ്ങളും അവസാനമായി കാണാന്‍ അനന്തുവിന്റെ വീട്ടിലെത്തും. ഇന്നലെ രാവിലെയാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ചത്.
സംഭവത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രദേശത്ത് നിരന്തരമായി ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, മരണം സംഭവിക്കുന്നത് ഇത് ആദ്യായാണ്. രാവിലെ കോളേജിലേക്ക് പോയ മകന്റെ മരണ വാര്‍ത്തയാണ് മാതാപിതാക്കള്‍ അറിയുന്നത്. അനന്തുവിന്റെ മരണം വിദേശത്തായിരുന്ന അച്ഛന്‍ അറിഞ്ഞത് ചാനല്‍ വാര്‍ത്തയിലൂടെയുമാണ്. അനന്തുവിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് അനന്തുവിന്റെ അച്ഛന്റെ സഹോദരന്‍ പറയുന്നു. ആദ്യത്തെ ശസത്രക്രിയക്ക് കൊണ്ടുപോയപ്പോള്‍ തന്നെ ശസ്ത്രക്രിയ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
ശരീരത്തിന്റെ ഉള്ളിലുള്ളതെല്ലാം തകര്‍ന്നുപോയിരുന്നു. കല്ല് വീണ് ആന്തരികാവയവങ്ങളെല്ലാം തകര്‍ന്നുപോയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അച്ഛന്റെ സഹോദരന്‍ പറയുന്നു. ആറുമാസം കഴിഞ്ഞാല്‍ വീടിന് മുന്നില്‍ ഡോക്ടറുടെ ബോര്‍ഡ് വെക്കുമായിരുന്നുവെന്നും കുടുംബം അതിനായി കാത്തിരിക്കുകയായിരുന്നുവെന്നും അച്ഛന്റെ സഹോദരന്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 2ന് തിരുവനന്തപുരം കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. നിംസ് കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്നു അനന്തു. അനന്തുവിന്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുപോയ ടിപ്പര്‍ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോള്‍ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിന്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പര്‍ അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തുറമുഖ നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.
രാവിലെ ടിപ്പര്‍ ഓടിക്കില്ലെന്ന് നേരത്തെ ജില്ലാഭരണകൂടവും തുറമുഖ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നു. അത് ലംഘിച്ച് വീണ്ടും ഏത് സമയങ്ങളിലും ടിപ്പര്‍ ഓടുന്നുവെന്നാണ് പരാതി. അപകടത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. പകല്‍ 11 വരെ കല്ലുകളുമായി ടിപ്പര്‍ കൊണ്ടുവരില്ലെന്ന് തുറമുഖ അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.