ടിപ്പറില്‍ നിന്ന് കല്ലുവീണ് ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ അനന്തുവിന്റെ മരണം കൊണ്ട് തീരില്ല തിരുവനന്തപുരം-പൂവാര്‍ റോഡിലെ ദുരന്ത സാഹചര്യങ്ങള്‍. അതിന് ടിപ്പര്‍ ഡ്രൈവര്‍മാരും, വിഴിഞ്ഞം തുറമുഖ കമ്പനിയും, സര്‍ക്കാരും, മരാമത്ത് വകുപ്പും എല്ലാം ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. അതുമാത്രം പോര, ട്രാഫിക് നിയമങ്ങള്‍ പാലിച്ചും, വേഗത കുറച്ചും, അപകട രഹിത വാഹന ഓടിക്കല്‍ ശീലമാക്കിയും യാത്രക്കാരും സഹകരിക്കണം. വളവുകളിലും തിരുവുകളിലും അതീവ ജാഗ്രതയോടെയുള്ള വാഹന ഓടിക്കലാണ് ആവശ്യം. റോഡിലെ ഇറക്കങ്ങളും, കയറ്റങ്ങളും സൂക്ഷിക്കണം. രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ ലൈറ്റുകള്‍ ഡിം ആക്കാനും ശ്രദ്ധിക്കണം.
അത്യാധുനിക ബൈക്കുകളിലെ റൈഡിംഗ്, മത്സര ഓട്ടം, റേസിംഗ് എന്നിവയും ഒഴിവാക്കണം. ഇതെല്ലാം റോഡുകളില്‍ വാഹനമടിക്കുന്നവര്‍ക്ക് ട്രാഫ്ക് പോലീസ് നല്‍കുന്ന ബാലപാഠങ്ങളാണ്. ഇതൊക്കെ പാലിച്ചുവേണം വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങാന്‍, റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളെ നോക്കി കുറ്റം പറയുന്നവര്‍ തന്നെയാണ് അതേ റോഡുകള്‍ റബ്ബറൈസ്ഡ് ആക്കിയാല്‍ മത്സര ഓട്ടമാണ് കാണാനാകുന്നത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിനേക്കാല്‍ അപകടവും മരണങ്ങളും നല്ല റോഡുകളിലെ മത്സര ഓട്ടങ്ങളിലൂടെ ഉണ്ടാകുന്നുണ്ട്. സമാനമായ റോഡാണ് തിരുവല്ലം-വാഴമുട്ടം റോഡും. ഇവിടെയും അപകടങ്ങള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നുണ്ട്.
ദിനവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ളവര്‍ക്ക് തിരുവനന്തപുരത്തേക്കെത്താന്‍ ഏറെ ഉപകാരപ്രദമായ ഈ റോഡില്‍ കഴിഞ്ഞ മൂന്ന് ദിവസവും അപകടമുണ്ടായി. അമിതഭാരം കയറ്റിവരുന്ന ടോറസ് ലോറികളാണ് കൂടുതലും അപകടങ്ങളുണ്ടാക്കുന്നത്. വിഴിഞ്ഞം റോഡില്‍ മാസങ്ങള്‍ക്കു മുമ്പ് അപകടത്തില്‍ പരിക്കേറ്റ സ്‌കൂള്‍ അധ്യാപികയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ ഭഗത്തു നിന്നും ലഭിച്ചത് തികഞ്ഞ അവഗണയാണ്. അവര്‍ ഇന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്.
അന്താരാഷ്ട്ര തുറമുഖത്തെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാറ കയറ്റിപ്പോകുന്ന ടിപ്പര്‍ലോറികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇതുവഴി ഓടുന്നത്. എത്ര ലോഡ് കയറ്റണമെന്ന മാനദണ്ഡമൊക്കെ കാറ്റില്‍ പറത്തിയാണ് ടിപ്പറുകളുടെ ഓട്ടം. കഴിഞ്ഞദിവസം വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയിടിച്ച സ്‌കൂട്ടര്‍ യാത്രികയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. ഇടിച്ച ടിപ്പറിന്റെ ചക്രത്തിന്റെ അടിയില്‍പ്പെട്ടാണ് കാലിനു ഗുരുതര പരിക്കേറ്റത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. വെങ്ങാനൂര്‍ കല്ലുവെട്ടാന്‍കുഴി രാഗത്തില്‍ നെയ്യാറ്റിന്‍കര ആര്‍.ടി. ഓഫീസ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്റെ ഭാര്യ സന്ധ്യാറാണി(37) ആണ് അപകടത്തില്‍പ്പെട്ടത്.
ഇവരുടെ വലതുകാലിനു മുകളിലൂടെ ടിപ്പറിന്റെ ടയര്‍ കയറിയിറങ്ങി. ശസ്ത്രക്രിയ നടത്തി ഇവരുടെ വലതുകാല്‍ ഇടുപ്പിനു താഴെവച്ച് പൂര്‍ണമായും മുറിച്ചുമാറ്റിയിരുന്നു. ഇത് പ്രദേശ വാസികളില്‍ ഭീതി പടര്‍ത്തിയ സംഭവമായിരുന്നു. ഇതിനു പിന്നാലെയാണ് ടിപ്പറില്‍ നിന്ന് കല്ലു വീണ് ബി.ഡി.എസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ഉണ്ടാകുന്നത്. ഇന്നലെ രാവിലെയാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ചത്.
സംഭവത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രദേശത്ത് നിരന്തരമായി ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, മരണം സംഭവിക്കുന്നത് ഇത് ആദ്യായാണ്. രാവിലെ ടിപ്പര്‍ ഓടിക്കില്ലെന്ന് നേരത്തെ ജില്ലാഭരണകൂടവും തുറമുഖ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നു. അത് ലംഘിച്ച് വീണ്ടും ഏത് സമയങ്ങളിലും ടിപ്പര്‍ ഓടുന്നുവെന്നാണ് പരാതി. അപകടത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. പകല്‍ 11 വരെ കല്ലുകളുമായി ടിപ്പര്‍ കൊണ്ടുവരില്ലെന്ന് തുറമുഖ അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.