വായിൽ നിന്ന് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ള ദുർഗന്ധം വമിക്കുന്ന അവസ്ഥയാണിത്. വൈദ്യശാസ്ത്രപരമായി ഇതിനെ ഹലിറ്റോസിസ് (halitosis) എന്നു പറയുന്നു. ഫെറ്റർ ഒറിസ്, ഓറൽ മാൽഓഡർ, ഫെറ്റർ എക്സ് ഓറെ തുടങ്ങിയ പേരുകളുമുണ്ടിതിന്.
വായ്നാറ്റം മൂലമോ വായ്നാറ്റം ഉണ്ടോ എന്ന സംശയം മൂലമോ നമ്മിൽ പലരും ചില സാഹചര്യങ്ങളിൽ അസ്വസ്ഥരാവാറുണ്ട്. ഏകദേശം 50 ശതമാനം ആളുകൾ തങ്ങൾക്ക് വായ്നാറ്റം ഉണ്ടെന്നാണ് കരുതുന്നത്.
തങ്ങൾക്ക് വായ്നാറ്റം ഇല്ലെങ്കിൽ കൂടി അതെ കുറിച്ച് അമിതമായ ഉത്കണ്ഠ വച്ചുപുലർത്തുന്നവരാണ് ചിലർ. എന്നാൽ, മറ്റു ചിലർക്കാവട്ടെ വായ്നാറ്റം ഉണ്ടെങ്കിലും അതേക്കുറിച്ച് അറിവുണ്ടായിരിക്കില്ല. വായ്നാറ്റത്തെക്കുറിച്ച് സ്വയം വിലയിരുത്തുന്നത് പ്രയാസമായതിനാൽ നിങ്ങൾ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ചോദിച്ചു മനസ്സിലാക്കുന്നതായിരിക്കും ഉത്തമം.
വായ്നാറ്റത്തിനു കാരണമെന്താണ്?
ബന്ധപ്പെട്ട 90 ശതമാനം കേസുകളിലും വായക്കുള്ളിൽ (intra-oral) തന്നെയുള്ള പ്രശ്നങ്ങളാണ് വായ്നാറ്റത്തിനു കാരണമാവുന്നത്. ബാക്കിയുള്ള കേസുകളിൽ ഇതിന് വായയുമായി ബന്ധമുണ്ടാവില്ല (extra-oral). വായിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പല്ലിലും നാവിലും ബാക്ടീരിയകളുടെ സാന്നിധ്യം സൃഷ്ടിക്കും. ബാക്ടീരിയകൾ ഭക്ഷണപദാർത്ഥങ്ങൾ വിഘടിപ്പിക്കുമ്പോൾ ദുർഗന്ധമുള്ള ചില വാതകങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രധാനമായും അതിവേഗം വാതകമായി മാറുന്നതും ദുർഗന്ധമുള്ളതുമായ സൾഫർ സംയുക്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
വായ്നാറ്റത്തിനു കാരണമാകാവുന്ന ഘടകങ്ങൾ
ദന്തശുചിത്വം പാലിക്കാതിരിക്കൽ
ദിവസവും നന്നായി ബ്രഷ് ചെയ്യാതിരുന്നാലോ പല്ലുകളുടെ ഇട വൃത്തിയാക്കാതിരുന്നാലോ അല്ലെങ്കിൽ ഭക്ഷണത്തിനു ശേഷം വായ ശുചിയാക്കാതിരുന്നാലോ ഭക്ഷണാവശിഷ്ടങ്ങൾ വായിൽ തങ്ങാനിടയാവും. ദന്തശുചിത്വം പാലിക്കാതിരുന്നാൽ പല്ലുകളിൽ ബാക്ടീരിയകൾ പ്ലേഖ് (plaque) എന്ന പാട സൃഷ്ടിക്കുകയും അത് മോണയ്ക്ക് അസ്വസ്ഥത (gingivitis) സൃഷ്ടിക്കുകയും ചെയ്യും. പ്ലേഖ് പല്ലിനും മോണയ്ക്കുമിടയിലേക്ക് വളരാനുള്ള സാഹചര്യവുമുണ്ടായേക്കാം (periodontitis). നാക്കിന്റെ ഉപരിതലത്തിലും ബാക്ടീരിയകൾ വളർന്നേക്കാം. ഇത് ദുർഗന്ധത്തിനു കാരണമാവുന്നു. കൃത്രിമ പല്ലുകളാാണ് ഉപയോഗിക്കുന്നതെങ്കിലും അവ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ ബാക്ടീരിയ വളർച്ചയ്ക്കും വായ്നാറ്റത്തിനും കാരണമായേക്കാം.
ഭക്ഷണം
പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണ പദാർത്ഥങ്ങൾ വായ്നാറ്റത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, ചില പച്ചക്കറികൾ, ചില കറിക്കൂട്ടുകൾ തുടങ്ങിയവയും വായ്നാറ്റത്തിനു കാരണമാവുന്നു.
പുകവലിയും പുകയില ഉല്പന്നങ്ങളും
പുകവലിക്കുന്നവർ പുകയിലയുടെ ദുഷിച്ച ഗന്ധം പേറുന്നവരായിരിക്കും. പുകവലിക്കാർക്കും പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കും വായ്നാറ്റത്തിന്റെ മറ്റൊരു കാരണമായ മോണരോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
വായിലെ അണുബാധ
കേടുവന്ന പല്ലുകൾ, മോണരോഗം, വായിലെ വ്രണം, പല്ലു പറിക്കുന്നതും വായിൽ നടത്തിയ ശസ്ത്രക്രിയമായും ബന്ധപ്പെട്ട് വായിലുണ്ടാകാവുന്ന മുറിവുകൾ തുടങ്ങിയവയും വായ്നാറ്റത്തിനു കാരണമായേക്കാം.
വായ വരൾച്ച
വായ വരളുന്നതും വായ്നാറ്റത്തിനു കാരണമാവുന്നു. വായിൽ ഉത്പാദിപ്പിക്കുന്ന ഉമിനീർ വായ വൃത്തിയാക്കുന്നതിനൊപ്പം വായ്നാറ്റത്തിനു കാരണമായേക്കാവുന്ന പദാർത്ഥങ്ങളെയും നീക്കംചെയ്യുന്നു. എന്നാൽ, വായ വരൾച്ച (dry mouth) യുള്ളവർക്ക് ഉമിനീർ ഉത്പാദനം കുറവായതിനാൽ വായ വരളുകയും വായ്നാറ്റത്തിനു കാരണമാവുകയും ചെയ്യുന്നു. ഉറക്കത്തിലും വായ വരളാം, വായ തുറന്നു വച്ച് ഉറങ്ങുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. ഇതു കൂടാതെ, ചില മരുന്നുകളുടെ ഉപയോഗവും വായ വരൾച്ചയ്ക്കും തുടർന്ന് വായ്നാറ്റത്തിനും കാരണമായേക്കാം.
തൊണ്ടയുടെയും മൂക്കിന്റെയും അവസ്ഥ
ടോൺസിൽസ് അണുബാധയുണ്ടെങ്കിൽ (tonsillitis) അതിൽ ബാക്ടീരിയയുടെ ഒരു പാളി ഉണ്ടായേക്കാം. ചിലപ്പോൾ ടോൺസിലുകളിലെ ചെറിയ കല്ലുകൾ ബാക്ടീരിയകൾ കൊണ്ട് പൊതിഞ്ഞിരിക്കും. ഇത് ദുർഗന്ധമുണ്ടാവാൻ കാരണമാവാം.
വായ്നാറ്റം ഒഴിവാക്കാൻ എന്തെല്ലാം ചെയ്യാം?
നിങ്ങൾക്ക് വായ്നാറ്റമുണ്ടെന്ന് കണ്ടെത്തിയാൽ അതിന്റെ കാരണമാവണം ആദ്യം കണ്ടെത്തേണ്ടത്. കൂടുതൽ കേസുകളിലും വായ്നാറ്റത്തിനു കാരണം വായയ്ക്കുള്ളിലുള്ള പ്രശ്നങ്ങളായതിനാൽ ഒരു ദന്തരോഗ വിദഗ്ധനെ സന്ദർശിക്കുന്നത് ഗുണകരമായിരിക്കും.
ഫിസിയോളജിക് ഹലിറ്റോസിസും (Physiologic halitosis) ഓറൽ പതോളജി ഹലിറ്റോസിസും (oral pathology halitosis) സ്യൂഡോ ഹലിറ്റോസിസും (Pseudo-halitosis) ഒരു ദന്തരോഗ വിദഗ്ധനു കൈകാര്യം ചെയ്യാവുന്നതാണ്. വായയുമായി ബന്ധമില്ലാത്ത രോഗം മൂലമുള്ള വായ്നാറ്റം (Extra-oral pathologic halitosis) ഒരു ഫിസിഷ്യനു ചികിത്സിക്കാൻ കഴിയും. എന്നാൽ, ഹലിറ്റോ ഫോബിയയുടെ (Halitophobia) ചികിത്സക്ക് ഒരു മനോരോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.
നാവ് വൃത്തിയാക്കൽ
ഫിസിയോളജിക്കൽ ഹലിറ്റോസിസിനു പ്രധാന കാരണം നാവിന്റെ പിൻ ഭാഗമാണ്. ഇവിടെ അഴുക്ക് അടിയുന്നതു കാരണമാവാം വായ്നാറ്റമുണ്ടാവുന്നത്. ഈ കേസുകളിൽ നാവ് വൃത്തിയാക്കുന്നതാണ് ഫലപ്രദം. ചെറിയ ടംഗ് ബ്രഷുകൊണ്ടോ കുട്ടികളുടെ ടൂത്ത് ബ്രഷുകൊണ്ടോ മൃദുവായി വൃത്തിയാക്കാനാണ് ശുപാർശചെയ്യുന്നത്. മുതിർന്നവരുടെ ടൂത്ത് ബ്രഷും ടംഗ് ക്ലീനറും നാവ് വൃത്തിയാക്കാൻ ഉപയോഗിക്കാം. എന്നാൽ മൃദുവായി വേണമെന്ന് മാത്രം. നാവിന്റെ ഉപരിതലത്തിന് കേടുവരുമെന്നതിനാൽ അമർത്തി ഉരയ്ക്കരുത്.
ദന്തസംരക്ഷണപരമായ മാർഗങ്ങൾ
വായുടെ പ്രശ്നമാണ് വായ്നാറ്റത്തിനു കാരണമെങ്കിൽ ദന്തരോഗ വിദഗ്ധനെ സന്ദർശിച്ച് ചികിത്സ തേടേണ്ടതാണ്. നിങ്ങളുടെ ദന്തരോഗ വിദഗ്ധൻ ഇനി പറയുന്ന കാര്യങ്ങൾ ശുപാർശ ചെയ്തേക്കാം
ദിവസം രണ്ടു തവണ ബ്രഷ് ചെയ്യുക
ആഹാരാവശിഷ്ടങ്ങളും പ്ലേഖും നിക്കംചെയ്യാൻ ദിവസവും രണ്ട് തവണ ബ്രഷ് ചെയ്യണം. രാത്രി കിടക്കുന്നതിനു മുമ്പ് ബ്രഷ് ചെയ്യുന്നത് പ്രധാനമാണ്. കാരണം ഇത് പല്ലിൽ നിന്നും ആഹാരാവശിഷ്ടങ്ങൾ നീക്കംചെയ്യുകയും രാത്രിയിലെ ബാക്ടീരിയ വളർച്ച കുറയ്ക്കുകയും ചെയ്യുന്നു.
നാവ് വൃത്തിയാക്കുക
ടൂത്ത് ബ്രഷിനൊപ്പമുള്ള ടംഗ് സ്ക്രാപറോ ടംഗ് ക്ലീനറോ ഉപയോഗിച്ച് നാവ് മൃദുവായി ഉരച്ച് വൃത്തിയാക്കുക. നാവിൽ കട്ടിയുള്ള പാടയുണ്ടെങ്കിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്.
ഭക്ഷണത്തിനു ശേഷം വായ വൃത്തിയായി കഴുകുക
പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഒഴിവക്കാൻ ഇതു സഹായിക്കും.
പല്ലിട വൃത്തിയാക്കുക
പല്ലിട വൃത്തിയാക്കുന്നത് ഭക്ഷണാവശിഷ്ടങ്ങളും പ്ലേഖും നീക്കംചെയ്യാൻ സഹായിക്കും. ദിവസവും പല്ലിട വൃത്തിയാക്കിയില്ലെങ്കിൽ വായ്നാറ്റമുണ്ടാവാനുള്ള സാധ്യത കൂടും.
വായ നനവുള്ളതായി സൂക്ഷിക്കുക
വായ വരളാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. മധുരമില്ലാത്ത ച്യൂയിംഗവും മറ്റും ചവയ്ക്കുന്നത് വായ നനവുള്ളതായി സൂക്ഷിക്കാൻ സഹായിക്കും.
പുകവലിയും പുകയിലയുല്പന്നങ്ങളും ഒഴിവാക്കുക
പുകവലി വായ്നാറ്റത്തിനും വരണ്ട വായയ്ക്കും കാരണമാവുന്നു. പുകയിലയുല്പന്നങ്ങളുടെ ഉപയോഗവും വായ വരണ്ടതാക്കുന്നു.
ഭക്ഷണത്തിൽ മാറ്റംവരുത്തൽ
വായ്നാറ്റമുണ്ടാക്കുന്നതും പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, ഇവ ബാക്ടീരിയകൾ കൂടുതലായി വളരാൻ കാരണമാവും.
കൃത്രിമ പല്ലുകൾ വൃത്തിയാക്കുക
നിങ്ങൾ കൃത്രിമ പല്ല് ഉപയോഗിക്കുന്നുണ്ടെങ്കിൽ ദന്ത ഡോക്ടർ നിർദേശിക്കുന്ന വൃത്തിയാക്കൽ സാമഗ്രി ഉപയോഗിച്ച് അത് ദിവസവും വൃത്തിയാക്കണം.
കൃത്യമായി ദന്തരോഗ വിദഗ്ധനെ സന്ദർശിക്കുക
വർഷത്തിൽ രണ്ട് തവണയെങ്കിലും ദന്തരോഗ വിദഗ്ധനെ സന്ദർശിച്ച് പരിശോധനയ്ക്ക് വിധേയരാവുന്നത് ദന്തരോഗവും വായ്നാറ്റവും അകറ്റാൻ സഹായിക്കും.