തെരഞ്ഞെടുപ്പ് ചൂട് കൂടിയതോടെ മുന്നണി നേതാക്കളുടെ വ്യക്തി ഹത്യകളും ദുരാരോപണങ്ങളും വ്യാപകമായിത്തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നാണ് ജയരാജന്‍ ആരോപിക്കുന്നത്. അശ്ലീല വിഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപിച്ചു. സതീശന്റെ നിലവാരത്തിലേക്കു താഴാന്‍ ഉദ്ദേശിക്കുന്നില്ല.
എന്റെ ഭാര്യ, രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നില്‍ വി.ഡി. സതീശനാണ്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഭാര്യയുടെ തലവെട്ടി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന സ്ത്രീയുടെ തലയില്‍ മോര്‍ഫ് ചെയ്തിരിക്കുകയാണ്. തൃക്കാക്കരയിലെ സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നിലും സതീശനാണെന്ന് ഇ.പി. ജയരാജന്‍ ആരോപിച്ചു. എല്ലാവരെയും ആക്ഷേപിച്ച ശേഷം വെള്ളക്കുപ്പായമിട്ടു നടക്കുകയാണ് സതീശന്‍. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചത് സതീശനാണെന്നും ജയരാജന്‍ ആരോപിച്ചു.
വൈദേകത്തില്‍ ഭാര്യക്കുള്ള ഓഹരി വാങ്ങാന്‍ ആളുവന്നാല്‍ ഭാര്യയുടെ ഓഹരി വില്‍ക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. അടിയുറച്ച കമ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. അതിനാലാണ് ഓഹരി വില്‍ക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ഒരാള്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും ഇപി ചോദിച്ചു. സതീശന്‍ തെളിവുണ്ട് എന്ന് പറഞ്ഞതിന് പിന്നാലെ ആണ് ഫോട്ടോ പുറത്തു വന്നത്.
വൈദേഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ല. കമ്പനി അധികൃതരോട് ചോദിക്കണം. ഭാര്യ ഷെയര്‍ ഹോള്‍ഡര്‍ ആണ്. അത് സത്യമാണ്. രാജീവ് ചന്ദ്രശേഖരിന്റെ വക്കാലത്ത് എടുക്കേണ്ട കാര്യം എനിക്കില്ല. പുനര്‍ജനിയുടെ പേരില്‍ പിരിച്ച പണം വിനിയോഗിച്ചിട്ടില്ല. സതീശന്‍ നല്‍കിയ വീടുകള്‍ പലതും സ്‌പോണ്‍സര്‍മാരുടെ സംഭാവന. നിലമ്പുര്‍ എംഎല്‍എ നിയമസഭയില്‍ ഗുരുതര ആരോപണം ഉന്നയിച്ചു. സതീശന്‍ സഭയില്‍ മിണ്ടിയില്ല. പുറത്താണ് പറഞ്ഞത്. സതീശന്‍ ബിജെപിയുംആര്‍എസ്എസുമായി സഖ്യം ഉണ്ടാക്കി.
ഡല്‍ഹിയില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. 150 കോടി രൂപ മത്സ്യപെട്ടിയില്‍ കൊണ്ടുവന്നത് ഇഡി അന്വേഷിക്കുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇടത് തരംഗമുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. ബിജെപി- ആര്‍എസ്എസ് സര്‍ക്കാരിനെ പുറത്താക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും അതൊക്കെ ചെയ്യും. പൗരത്വ നിയമത്തിന്റെ ലക്ഷ്യം മതധ്രുവീകരണം. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് തുടങ്ങാന്‍ ആണ് കേന്ദ്ര നിര്‍ദേശം.
പറ്റില്ലെന്ന് നിലപാട് എടുത്ത സംസ്ഥാനമാണ് കേരളം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിലപാട് എടുത്തിട്ടില്ല. 15 സീറ്റുള്ള ലീഗിന് ലോക്‌സഭയില്‍ നല്‍കിയത് രണ്ട് സീറ്റാണെന്ന് ഇപി ജയരാജന്‍ വിമര്‍ശിച്ചു. 21 സീറ്റുള്ള കോണ്‍ഗ്രസ് മത്സരിക്കുന്നത് 16 സീറ്റില്‍. കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വ നിലപാടിന്റെ ഭാഗമാണ് ഇത്. ഇത് ലീഗുകാര്‍ മനസിലാക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.