ലഖ്നോ:സുഹൃത്തിന്റെ വീട്ടിൽ കടം വാങ്ങാനെത്തി രണ്ടുകുട്ടികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു.സാജിദ് റാൺ എന്നയാളാണ് 11 വയസ്സും 7 വയസ്സുമായ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്.
5,000 രൂപ കടം വാങ്ങാനായി ചൊവ്വാഴ്ച വൈകീട്ടോടെ സാജിദ് ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.കുട്ടികളുടെ പിതാവ് വിനോദിനെ ഇയാൾക്ക് പരിചയമുണ്ടായിരുന്നു.ബാബ കോളനിയിൽ കൊല്ലപ്പെട്ട കുട്ടികളുടെ വീടിന്റെ എതിർവശത്ത് സാജിദ് റാൺ ബാർബർ ഷോപ്പ് നടത്തിയിരുന്നു.
#WATCH | Budaun (Uttar Pradesh) Double Murder Case | Police officers and security personnel conduct flag march in the city this morning.
Two children were murdered in Baba Colony near the Mandi Samiti outpost yesterday. pic.twitter.com/drheLoBIoV
— ANI (@ANI) March 20, 2024
എന്നാൽ, വിനോദ് വീട്ടിൽ ഉണ്ടായിരുന്നില്ല. സാജിദിന് ചായ തയ്യാറാക്കാനായി വിനോദിന്റെ ഭാര്യ സംഗീത അടുക്കളയിലേക്ക് പോയപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു.ദമ്പതികളുടെ 11-കാരനായ മകൻ ആയുഷിനോട് വീടിനുമുകളിൽ അമ്മ നടത്തുന്ന ബ്യൂട്ടിപാർലർ കാണിച്ചുതരുവാൻ സാജിദ് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടി ഇയാളെ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ആയുഷിനെ ഇയാൾ കത്തികൊണ്ടു കൊലപ്പെടുത്തുകയായിരുന്നു. ആയുഷിന്റെ കഴുത്ത് അറക്കുന്നതിനിടെ സഹോദരനായ ഏഴുവയസ്സുകാരൻ അഹാൻ ഇവിടേക്കെത്തി. ഇതോടെ അഹാനെയും സാജിദ് കൊലപ്പെടുത്തി. കുട്ടികളുടെ ഇളയ സഹോദരനായ ആറുവയസ്സുകാരൻ പീയുഷിനെയും സാജിദ് വെറിതെവിട്ടില്ല. സാജിദിൽനിന്നും ഓടിയൊളിച്ചതിനാൽ നിസാരപരിക്കുകളോടെ പീയുഷ് രക്ഷപ്പെട്ടു.
വീടിനുപുറത്ത് ബൈക്കിൽ കാത്തുനിന്ന സഹോദരൻ ജാവേദിനൊപ്പമാണ് സാജിദ് രക്ഷപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. കുറ്റകൃത്യത്തിൽ രണ്ടുപേർക്കും പങ്കുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. തന്റെ ഭാര്യ ഗർഭിണിയാണെന്നും ആശുപത്രി ചെലവിനായി പണം വേണമെന്നുമാണ് വിനോദിന്റെ ഭാര്യയോട് സാജിദ് ആവശ്യപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.
തുടർന്ന് വിനോദിനെ ഫോണിൽവിളിച്ച സംഗീത, സാജിദിന് പണം കടം കൊടുക്കാൻ നിർദേശിച്ചതായും ഇവർ പറയുന്നു.വീടിനുസമീപത്തുനിന്ന് സാജിദ് പിന്നീട് പിടിയിലായെങ്കിലും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ വെടിയേറ്റുമരിക്കുകയായിരുന്നു. ജാവേദിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സാജിദിനും ജാവേദിനും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കൊലപാതക കാരണം വ്യക്തമല്ലെങ്കിലും സാജിദും വിനോദും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തെ തുടർന്ന് നാട്ടുകാർ സാജിദിന്റെ ബാർബർഷോപ്പിന് തീയിട്ടു. സ്ഥലത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നെങ്കിലും പോലീസെത്തി രംഗം ശാന്തമാക്കി. പക്ഷെ ഇപ്പോഴും ജനങ്ങളുടെ വലിയ പ്രതിഷേധമാണ് പ്രദേശത്തുള്ളത്. വൻ പോലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.