ഇപി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. രാജീവ് ചന്ദ്രശേഖരിനൊപ്പം ഇന്ദിര ഇരിക്കുന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിനാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പൊലീസില്‍ പരാതി നല്കിയ കാര്യം ഇപി ജയരാജന് വ്യക്തമാക്കിയിരുന്നു. വിഡി സതീശനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് വിഷയത്തില്‍ ഇപി ജയരാജന് പ്രതികരിച്ചത്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രശസ്തനാണ് വിഡി സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്നും ഇപി ജയരാജന് ആരോപിച്ചിരുന്നു.