ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ശക്തമായ പ്രചാരണങ്ങളാണ് ഓരോ മണ്ഡലങ്ങളിലും നടക്കുന്നത്. സ്ഥാനാര്ഥികളെല്ലാം തന്നെ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അത്തരത്തിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ യു ഡി എഫിന് വേണ്ടി കെ. മുരളീധരനും, എൽ ഡി എഫിന് വേണ്ടി വി. എസ്. സുനിൽകുമാറും, ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയുമാണ് ജനവിധി തേടുന്നത്. പ്രചാരണങ്ങൾ ചൂടുപിടിക്കുന്നതിനിടെ സുരേഷ് ഗോപി വോട്ടിനായി പണം നൽകുന്നു എന്ന രീതിയിലുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.
“പണം കൊടുത്ത് വോട്ട് വാങ്ങുക…
ഇലക്ഷൻ കമ്മീഷൻ ഇത് കാണുന്നുണ്ടല്ലോല്ലേ …….
ഇങ്ങനെ കെട്ടുകണക്കിന് കൈയിൽ കാശ് വെച്ച് സ്ഥാനാർതി വോട്ടു പിടിക്കുന്നത് ഏതു നിയമത്തിന്റെ ബലത്തിൽ ആണ്” എന്ന തലകെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പ്രചരിക്കുന്നത്.
എന്താണ് ഈ പോസ്റ്റിൽ പറയുന്ന കാര്യത്തിന്റെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
വൈറൽ ആയ ഈ വീഡിയോയിൽ ഒരു എന്റർടൈൻമെന്റ് സോഷ്യൽമീഡിയ ചാനലിന്റെ ലോഗോ കാണാം. തുടർന്ന് ഈ ചാനലിന്റെ ഫേസ്ബുക്ക് പേജിൽ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ യഥാർത്ഥ പതിപ്പ് കണ്ടെത്തി.
“ഇതെനിക്ക് വേണം, എന്ത് വില വേണം !” എന്ന ഡിസ്ക്രിപ്ഷൻ നൽകിയിട്ടുള്ളതായി കാണാം. “തന്റെ മുന്നിൽവച്ച് നിർമ്മിച്ച കളിമൺ പാത്രത്തിന് സുരേഷ്ഗോപി കൊടുത്ത പൈസ കണ്ടോ” എന്നാണ്.
വീഡിയോയുടെ തുടക്കത്തിൽ തന്നെ അവിടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മൺപാത്രം തനിക്ക് വേണമെന്നും പ്രത്യേകം എടുത്ത് വയ്ക്കണമെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. ഒപ്പം എത്രയാണ് ഇതിന് വില എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. പണം വേണ്ടെന്നാണ് അവിടെയുള്ള മൺപാത്ര നിർമ്മാണ തൊഴിലാളികൾ മറുപടി പറയുമ്പോൾ, പണം വാങ്ങാതെ തനിക്ക് മൺപാത്രം വേണ്ടെന്ന് സുരേഷ് ഗോപിയും മറുപടി നൽകി. ഇതോടെ നൂറ് രൂപയാണ് മൺപാത്രത്തിന്റെ വിലയെന്ന് മൺപാത്ര നിർമ്മാണം നടത്തുന്നവർ പറഞ്ഞു. ഒരു നോട്ട് മൺപാത്ര നിർമ്മാണം നടത്തികൊണ്ടിരിക്കുന്ന ആളിന് നൽകിയ ശേഷം ഒരു നോട്ട് മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണത്തിലും വയ്ക്കുന്നു. മൺകൂജയാണ് സുരേഷ് ഗോപി പണം കൊടുത്ത് വാങ്ങിയത്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ആവശ്യമായ പൂക്കൾ വാങ്ങിയത് ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരത്ത് ചെറിയ രീതിയിൽ പൂക്കൾ കച്ചവടം നടത്തുന്ന ദമ്പതികളിൽ നിന്നാണെന്നുള്ള വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. ഇവരെ സഹായിക്കുന്നതിന് കൂടി വേണ്ടിയാണ് സുരേഷ് ഗോപി പൂക്കൾ അവിടുന്ന് തന്നെ വാങ്ങിയതെന്നും അന്നത്തെ വർത്തകൾക്കൊപ്പം പുറത്തുവന്നിരുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്. പ്രചാരത്തിലുള്ളത് സുരേഷ് ഗോപി വോട്ടിനായി പണം നൽകുന്ന വീഡിയോ അല്ല. മൺപാത്രം വാങ്ങിയതിന്റെ വില നൽകുകയായിരുന്നു എന്നതാണ് യാഥാർഥ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം