ആറു മാസം കൂടി കഴിയുമ്പോള്‍ അവന്‍ ഒരു ഡോക്ടറാണ്. നിംസ് മെഡിസിറ്റിയില്‍ ബി.ഡി.എസിന്റെ അവസാന പഠന കാലത്ത് മരണം രംഗബോധമില്ലാത്ത കമാളിയായെത്തി അനന്തുവിനെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. കോളേജില്‍ എത്താത്ത അനന്തുവിനെ കാത്തിരുന്ന കൂട്ടുകാരുടെ മനസ്സുകളില്‍ ഒരു വിതുമ്പലായി വന്നു വിളിക്കുകയാണ് അനന്തു. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനസ്സുകളെല്ലാം ദുഖത്തെ കണ്ണീരായി പുറന്തള്ളുകയാണ്. തികട്ടി വരുന്ന ഓര്‍മ്മകളില്‍ നിന്നും ഒളിച്ചോടാന്‍ പാടുപെടുന്ന കൂട്ടുകാര്‍.
എന്തു പറഞ്ഞാണ് അനന്തുവിന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കേണ്ടതെന്ന് ആര്‍ക്കും അറിയില്ല. എല്ലാം ഒരു ദു സ്വപ്‌നം പോലെ തോന്നിപ്പോകുന്നു. മകന് ഉമ്മയും കൊടുത്ത് കോളജിലേക്ക് യാത്രയാക്കിയ അമ്മ. മകന്‍ ഡോക്ടറാകുന്നതും സ്വപ്‌നം കണ്ട് ഗള്‍ഫില്‍ കഴിയുന്ന അച്ഛന്‍. ഇരുവരുടെയും കണ്ണീരിന് സമാധാനം കണ്ടെത്തേണ്ടത് ആരാണ്. അമ്മ ബിന്ദു കൊടുത്തത് അന്ത്യ ചുംബനമായിരുന്നോ. അര മണിക്കൂറിനു ശേഷം കേട്ടത് മകന്റെ അപകട വാര്‍ത്തയാണ്. നിസ്സാര പരുക്കുകള്‍ എന്നാണ് ആദ്യം അറിയിച്ചത്.
എന്നാല്‍ ഉച്ചയോടെ മകന്‍ തങ്ങളെ വിട്ടു പോയി എന്ന് ഫെയ്‌സ് ബുക്കിലൂടെയാണ് ആ അമ്മ അറിയുന്നത്. മുറിയിലുള്ള അനന്തുവിന്റെ ചിത്രങ്ങള്‍ നോക്കി വിങ്ങിപ്പൊട്ടിയ ബിന്ദുവിനെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും നാട്ടുകാരും പ്രായസപ്പെടുകയായിരുന്നു. പൊതു ദര്‍ശനവും കഴിഞ്ഞ് അനന്തു മുട്ടത്തറ ശ്മശാനത്തേക്ക് യാത്രയാകുമ്പോഴും നിലവിളികള്‍ക്ക് കുറവുണ്ടായില്ല. മകന്റെ നിശ്ചലമായ ശരീരത്തില്‍ ഉമ്മകൊടുത്തും, കെട്ടിപ്പിടിച്ചും കരയുന്നവരുടെ വേദന കടലോളമാണെന്ന് തിരിച്ചറിയാനാകുന്നുണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന അനന്തുവിന്റെ പിതാവ് ചാനല്‍ വാര്‍ത്തയിലൂടെയാണ് മരണവിവരം അറിയുന്നത്. ലോട്ടറി ഏജന്റ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ബിന്ദുവിനെ എല്ലായിടത്തും കൊണ്ടു പോകുന്നത് അനന്തുവാണ്. അമ്മയുടെ നിഴല്‍ പോലെ എപ്പോഴും കൂടെയുണ്ടെന്നു സമീപവാസികള്‍ ഓര്‍ക്കുന്നു. മകന്‍ ഡോക്ടറായി കാണുക എന്നതായിരുന്നു ബിന്ദുവിന്റെയും അജികുമാറിന്റെയും വലിയ ആഗ്രഹം.
പഠനം കഴിഞ്ഞ ഉടന്‍ വീടിനു മുന്നില്‍ ഡോക്ടര്‍ ബോര്‍ഡ് വെയ്ക്കാനായിരുന്നു ഇരുവരും ആഗ്രഹിച്ചത്. ഡോക്ടറാകാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് അനന്തുവിന്റെ വിടവാങ്ങല്‍. അനന്തുവിന്റെ ആഗ്രഹങ്ങളെല്ലാം പെരുവഴിയില്‍ ചിതറി വീണത് ഇന്നലെയാണ്. കാലന്‍ കല്ലിന്റെ രൂപത്തിലായിരുന്നു എത്തിയത്. ഇന്നലെ മുക്കോലയ്ക്കു സമീപം ടിപ്പര്‍ ലോറിയില്‍ നിന്നു കരിങ്കല്ല് തലയില്‍ വീണാണ് മരണം സംഭവിച്ചത്. ഒരു നാടിനെയാകെയാണ് അനന്തുവിന്റെ മരണം കണ്ണീരിലാഴ്ത്തിയത്.
അനന്തുവിന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. അനന്തുവിന്റെ വീട്ടില്‍നിന്ന് 500 മീറ്റര്‍ മാത്രം അകലെവച്ചാണു സംഭവം. നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ 4ാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു കോളജിലേക്കു പോകുകയായിരുന്നു. ടിപ്പര്‍ ലോറിയില്‍നിന്നു കരിങ്കല്ല് തെറിച്ച് അനന്തുവിന്റെ തലയില്‍ വീണെന്നു പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നു നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സമീപത്തുള്ള മതിലില്‍ ഇടിച്ചുനിന്നു.
ഹെല്‍മറ്റ് തകര്‍ന്ന നിലയിലായിരുന്നു. പരുക്കേറ്റ അനന്തുവിനെ നിംസ് മെഡിസിറ്റിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. വിടരും മുമ്പേ കൊഴിഞ്ഞ പൂവിനെ ഇന്ന് രാവിലെ മുട്ടത്തറ പൊതു ശ്മശാനത്ത് സംസ്‌ക്കരിച്ചു. പുകപടലങ്ങളായി അവന്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുന്നത് ആയിരങ്ങളാണ് നോക്കി നിന്നത്. ഇനി എല്ലാവരുടെയും മനസ്സുകളില്‍ മരിക്കാത്ത ഓര്‍മ്മകളായി അനന്തു നിറഞ്ഞു നില്‍ക്കും.