തലസ്ഥാന നഗരത്തിന്റെ കോണ്‍ഗ്രസ് മുഖം മഹേശ്വരന്‍ നായരും ബി.ജെ.പിയില്‍ ചേര്‍ന്നു: അടുത്താര് ?

കോണ്‍ഗ്രസ് വെളുത്ത് ബി.ജെ.പി ആകുന്നതിന്റെ ലേറ്റസ്റ്റ് വേര്‍ഷനാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്ന പ്രതിഭാസം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുന്നണികളും സ്ഥാനാര്‍ത്ഥികളും കളം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഘട്ടത്തില്‍ കോണ്‍ഗ്രസിന് കിട്ടുന്നത് കനത്ത തിരിച്ചടിയാണെന്ന് പറയാതിരിക്കാനാവില്ല. പടലപോലെ നേതാക്കളെല്ലാം പോവുകയാണ്. ഇപ്പോഴിതാ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ മഹേശ്വരന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് കൂടിയാണ് മഹേശ്വരന്‍ നായര്‍. 

കോണ്‍ഗ്രസിന് വീണ്ടും വീണ്ടും തിരിച്ചടി നല്‍കുകയാണ് നേതാക്കളോരോന്നും. ലീഡറുടെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെ തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ക്കു പിന്നാലെയാണ് മഹേശ്വരന്‍ നായരുടെ ചാട്ടം. പത്മജ വേണുഗോപാലിനൊപ്പം കായിക താരവും മുന്‍ സ്‌പോര്‍ട്‌സ് ക    ണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി തോമസും കോണ്‍ഗ്രസ് വിട്ടിരുന്നു. പദ്മിനി തോമസിനൊപ്പമാണ് തമ്പാനൂര്‍ സതീഷ് ബിജെപിയില്‍ ചേര്‍ന്നത്. 

ഇനി ആരെന്ന ചിന്ത കോണ്‍ഗ്രസ്സിനും, വരാനുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ബി.ജെ.പിയും മുഴുകിയിരിക്കുകയാണ്. മഹേശ്വരന്‍ നായര്‍ എന്ന് ബി.ജെ.പി മെമ്പര്‍ ആകുമെന്നു മാത്രമേ ഇനി അറിയാനുള്ളൂ. നഗരസഭയില്‍ കോണ്‍ഗ്രസ്സിന്റെ ശക്തമായ സാന്നധ്യമായിരുന്നു മഹേശ്വരന്‍ നായര്‍. വര്‍ഷങ്ങളുടെ പാരമ്പര്യവും കോര്‍പ്പറേഷനിലുണ്ട്. നഗരസഭയില്‍ കോണ്‍ഗ്രസ്സിന്റെ മുഖം കൂടിയായിരുന്നു മഹേശ്വരന്‍ നായര്‍. കോര്‍പ്പറേഷനിലെ സ്ഥിരം പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്, ക്ഷയിച്ച് ക്ഷയിച്ച് ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. കോര്‍പ്പറേഷനിലെ പ്രതിപക്ഷം ഇപ്പോള്‍ ബി.ജെ.പിയാണ്. 

കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ക്രമേണ ബി.ജെ.പി വ്യാപിക്കുന്നത് മഹേശ്വരന്‍ നായര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം കോണ്‍ഗ്രസ്സാണ് ഇല്ലാതായത്. ഇടതുപക്ഷവും ബി.ജെ.പിയും ഭരിക്കുന്ന കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് റോളില്ലാതായിരിക്കുകയാണ്. പൂജപ്പുര മണ്ഡപവും, അതുമായി ബന്ധപ്പെട്ട ക്ഷേത്ര ഭരണ സമിതിയിലും മഹേശ്വരന്‍ നായര്‍ സ്ഥിരം അംഗമാണ്. തമ്പാനൂര്‍ സുരേഷും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കമ്മിറ്റിയിലുണ്ട്. 

സുരേഷിന്റെ പാര്‍ട്ടി മാറ്റം മഹേശ്വരന്‍ നായരെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല, കോര്‍പ്പറേഷനില്‍ ഇനി ബി.ജെ.പി ആയിരിക്കും സ്ഥിരം പ്രതിപക്ഷം. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ബി.ജെ.പി  അധികാരത്തില്‍ എത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലുമായിരി്കും മഹേശ്വരന്‍ നായരുടെ ചാട്ടം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം മഹേശ്വരന്‍ നായര്‍ സ്വപ്‌നം കാണുന്നുണ്ടെന്നും പറയാതെ വയ്യ. 

അതേസമയം, കോണ്‍ഗ്രസ്സില്‍ നിന്നും ഓരോരുത്തര്‍ പോകുമ്പോള്‍ നേതാക്കള്‍ പറയുന്നത്, ക്ലാവ് പിടിച്ചതും, തുരുമ്പെടുത്തതുമായ നേതാക്കളെയാണ് ബി.ജെ.പിക്ക് കിട്ടുന്നതെന്നാണ്. മുന്‍ നിര നേതാക്കളെ നോക്കി ആും പോയിട്ടില്ല, എല്ലാവരും ഇവിടെയുണ്ടെന്ന് ഭംഗി വാക്കു പറയുന്ന കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകയാണ്. ഓരോ കോണ്‍ഗ്രസ്സുകാരനും അണികളാണ്. അവരെ ആക്ഷേപിക്കുമ്പോഴും പാളം വിട്ടു പോയവരെ നോക്കി കളിയാക്കുമ്പോഴും ഓര്‍ക്കുക, പോകുന്നത് കോണ്‍ഗ്രസ്സില്‍ നിന്നുമാണ്. കേന്ദ്ര-സംസ്ഥാന-കോര്‍പ്പറേഷന്‍ ഭണങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ട അവസ്ഥയിലാണ് കോണ്‍സ്സിപ്പോള്‍. ഈ അവസ്ഥയില്‍ അണികള്‍ പാര്‍ട്ടി വിട്ടാല്‍ അത് ക്ഷീണമുണ്ടാക്കുക കോണ്‍ഗ്രസ്സിനു തന്നെയാണ്.