കട്ടപ്പന: നവജാത ശിശുവിന്റെ മൃതദേഹം കത്തിച്ച് തോട്ടിൽ ഒഴുക്കിയെന്ന് കട്ടപ്പന ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതികൾ. ഒന്നാം പ്രതി കട്ടപ്പന പാറക്കടവ് പുത്തൻപുരക്കൽ നിതീഷ് (രാജേഷ് -31), രണ്ടാം പ്രതി കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണു (27) എന്നിവരാണ് ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇങ്ങനെ പറഞ്ഞത്. 2018ലെ പ്രളയത്തിൽപെട്ട് മൃതദേഹത്തിന്റെ തെളിവുകൾ പൂർണമായും നശിച്ചുപോയതായി കരുതുന്നുവെന്ന് കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു.
കട്ടപ്പന, കക്കാട്ടുകട, നെല്ലിപ്പള്ളിൽ വിജയൻ, വിജയന്റെ മൂന്ന് ദിവസം പ്രായമായ കൊച്ചുമകൾ എന്നിവരെയാണ് നിതീഷും വിഷ്ണുവും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തത്. വിജയനെ എട്ടുമാസം മുമ്പും നവജാത ശിശുവിനെ എട്ടുവർഷം മുമ്പുമാണ് കൊലപ്പെടുത്തിയത്. രണ്ട് പ്രതികളെയും ബുധനാഴ്ച കൊലപാതകം നടന്ന രണ്ട് വീടുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും എത്തിച്ച് പൊലീസ് തെളിവെടുത്തു.
തെളിവെടുപ്പിനിടെ പ്രതികൾ രണ്ടുപേരും പരസ്പരം കുറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൃത്യത്തിൽ ഉൾപ്പെടുത്തിയതെന്ന് വിഷ്ണു തെളിവെടുപ്പിനിടെ പറഞ്ഞു. വിഷ്ണുവിന്റെ സഹോദരിയിൽ നിതീഷിന് അവിഹിത ബന്ധത്തിലുണ്ടായതാണ് കുഞ്ഞ്. വിജയനെ കൊലപ്പെടുത്തിയത് നിതീഷുമായുണ്ടായ സാമ്പത്തിക തർക്കത്തിന്റെ പേരിലാണെന്നും പൊലീസ് പറയുന്നു.