സുൽത്താൻ ബത്തേരി: യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ നടന് കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റിൽ. സ്വിറ്റ്സർലന്ഡില്ജോലി വാഗ്ദാനം ചെയ്ത് പുല്പള്ളി താന്നിതെരുവ് സ്വദേശിയില്‍നിന്ന് നിന്നും പണം തട്ടിയതിനാണ് എറണാകുളം സ്വദേശി നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ചാത്തന്നൂരില്‍നിന്ന് കന്നാണ് നടൻ പിടിയിലായത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ കാലയളവിലാണ് 3,04,200 രൂപ പല തവണകളിലായി പുല്പള്ളി സ്വദേശിയില്‍നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയത്. വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ സോബി ചെയ്തില്ല. തുടർന്ന് നടനെതിരെ വയനാട് സ്വദേശി 2023 ൽപരാതി നല്‍കുകയായിരുന്നു.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബത്തേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. എസ്.ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍ജിത്ത്, പി.കെ. സുമേഷ്, സി.പി.ഒമാരായ വി.ആര്. അനിത്ത് കുമാര്‍, എം. മിഥിന് എന്നിവരാങ്ങിയ അന്വേഷണ സംഘമാണ് കൊല്ലത്തു നിന്നും പ്രതിയെ പിടികൂടിയത്.