ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ ഒഴിവാക്കിയതില്‍ ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ജുഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സമിതി നിഷ്പക്ഷമാകൂ എന്ന വാദം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിയമമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ മറ്റേതെങ്കിലും സംഘടനയുടെയോ അതോറിറ്റിയുടെയോ സ്വാതന്ത്ര്യം സെലക്ഷന് സമിതിയിലെ ഒരു ജുഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യംകൊണ്ട് ഉണ്ടാകുന്നതല്ലെന്നത് ശ്രദ്ധിക്കപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിന് കമ്മിഷണര്‍മാരായി പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റ് നല്‍കിയില്ലെന്ന ആരോപണവും കേന്ദ്രം തള്ളി. മാര്‍ച്ച് 13ന് തന്നെ സെര്‍ച്ച് കമ്മിറ്റി അന്തിമമാക്കി ശുപാര്‍ശ ചെയ്ത ആറുപേരുടെ ലിസ്റ്റ് കോണ്‍ഗ്രസ് നേതാവും സമിതിയിലെ അംഗവുമായ അധീര്‍ രഞ്ജന്‍ ചൗധരിക്ക് നല്‍കിയിരുന്നുവെന്നും കേന്ദ്രം പറയുന്നു.