ലണ്ടൻ: ഗസ്സയിലെ ജനങ്ങൾക്ക് ഇഫ്താർ ഭക്ഷണത്തിന് പണം സമാഹരിച്ച് ലണ്ടൻ നിവാസികൾ. വെസ്റ്റ് ലണ്ടനിലെ ഹാരോവിലുള്ള ബൈറോൺ ഹാളിൽ നടന്ന ഇഫ്താർ പരിപാടിക്കിടെയാണ് 30,000 യൂറോ (ഏകദേശം 27 ലക്ഷം രൂപ) സമാഹരിച്ചത്.
ബ്രിട്ടനിലെ ഫലസ്തീൻ ഫോറത്തിന്റെ (പി.എഫ്.ബി) നേതൃത്വത്തിലാണ് എട്ടാമത് ഇഫ്താർ സംഘടിപ്പിച്ചത്. ആയിരത്തിന് മുകളിൽ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഇവിടെ ഇഫ്താറിനായി നാം ഒത്തുകൂടുമ്പോൾ ഗസ്സയിലെ ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും കഠിനമായ ദുരിതവും അനുഭവിക്കുന്നത് മറക്കരുതെന്ന് പി.എഫ്.ബി വൈസ് പ്രസിഡന്റ് അദ്നാൻ ഹിംദാൻ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അവർക്ക് ഐക്യദാർഢ്യം പ്രകടപ്പിക്കൽ നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ അറബികളുടെയും ഫലസ്തീനികളുടെയും കൂട്ടായ ശക്തി പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഡോ. അനസ് അൽ തിക്രിതി പരിപാടിയിൽ ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് തങ്ങളുടെ സ്വാധീനം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയിലെ ഇഫ്താർ ഭക്ഷണത്തിനായി പി.എഫ്.ബിയുടെ നേതൃത്വത്തിൽ 50,000 യൂറോ സമാഹരിക്കാൻ ലക്ഷ്യമിട്ട് കാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം നടന്ന ഇഫ്താറിൽ 30,000 യൂറോ സമാഹരിച്ചത്.