തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെയ്‌ക്കെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് .സംസ്ഥാന പൊലീസ് മേധാവിക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിലാണ് പരാതി നൽകിയത്. കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപയുടെ പരാതി. ശോഭയുടെ പരാമത്തിനെതിരെ കേരള പൊലീസ് നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ബെംഗളൂരിൽ അക്രമം അഴിച്ചുവിടുന്നത് തമിഴ്നാട്ടുകാരും മലയാളികളുമാണ് എന്നാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം. കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത് മലയാളികളാണും രമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നുമാണ് ശോഭ ആരോപിച്ചിരുന്നത്. സംഭവം വിവാദമായതോടെ തമിഴ്നാടിനെതിരെയുള്ള പരാമർശം പിൻവലിച്ച് ശോഭ മാപ്പു പറഞ്ഞിരുന്നു.
രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു ശോഭയുടെ വിശദീകരണം. എന്നാൽ കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ശോഭ കരന്തലജെ അറിയിച്ചിരുന്നു
ശോഭ കരന്തലജെക്കെതിതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
















