മനാമ: വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നാഷനൽ ബ്യൂറോ ഓഫ് റവന്യു (എൻ.ബി.ആർ) നടത്തിയ പരിശോധനകളിൽ 244 നിയമലംഘനങ്ങൾ കണ്ടെത്തി. 2115 പരിശോധനകളാണ് കഴിഞ്ഞ വർഷം നടത്തിയത്. വിദ്യാഭ്യാസം, നിർമാണം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, പ്ലംബിങ്, ഹീറ്റ്, എയർ കണ്ടീഷനിങ് ഇൻസ്റ്റലേഷൻ, ട്രാവൽ ഏജൻസികൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ പരിശോധന നടത്തി.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വാറ്റ് തട്ടിപ്പ് നടക്കുന്നുണ്ടോയെന്ന കാര്യവുമാണ് മുഖ്യമായും നിരീക്ഷിച്ചത്. ഡിജിറ്റൽ സ്റ്റാമ്പ് സിസ്റ്റം നടപ്പാക്കിയതിന് ശേഷം വിവിധ സ്ഥാപനങ്ങൾ നിയമം കൃത്യമായി പാലിക്കുന്നുവെന്നതും ഉറപ്പാക്കാൻ പരിശോധനകളിലൂടെ സാധിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. വാറ്റ് ഇൻവോയ്സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും.
കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ വാറ്റ് നിയമം അനുസരിച്ച് അഞ്ചു വർഷത്തെ തടവും അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കും. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, ബിസിനസ് നിലവാരം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിയായിരുന്നു പരിശോധനകൾ. ഇക്കാര്യത്തിൽ ബോധവത്കരണം നടത്താനും എൻ.ബി.ആർ ലക്ഷ്യമിടുന്നു. ഏറ്റവും പുതിയ ഉപകരണങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് പരിശോധനകൾ നടത്തിയത്.
വാറ്റ്, എക്സൈസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനോ NBR കാൾ സെന്ററിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും ലഭ്യമായ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം. നിർദേശങ്ങളും പരാതികളും [email protected] ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം. വാറ്റ് സംബന്ധമായതും ഡിജിറ്റൽ സ്റ്റാമ്പ് സ്കീം ചോദ്യങ്ങൾക്കും [email protected] എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ