ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിക്കൊണ്ടുള്ള ജഡ്ജിയുടെ പരാമർശം തള്ളി അലഹബാദ് ഹൈക്കോടതി. ജഡ്ജിമാർ ഉത്തരവുകളിൽ വ്യക്തിപരമായ കാര്യങ്ങളോ മുൻവിധിയോ പ്രകടിപ്പിക്കാൻ പാടില്ലെന്ന് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വ്യക്തമാക്കി.
കോടതി ഉത്തരവുകൾ പൊതുഉപഭോഗത്തിന് വേണ്ടിയുള്ളതാണ്. ഇത്തരം ഉത്തരവുകൾ ജനങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ സാധ്യതയുണ്ട്. വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രസ്താവനകൾ വേണം ജഡ്ജിമാർ നടത്തേണ്ടത്. അതിനാൽ തന്നെ ഉത്തരവിന്റെ പേജ് ആറിലെ അവസാന ഖണ്ഡികയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഉത്തരവിട്ടു.
അഡീഷനൽ സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ രാഷ്ട്രീയവും വ്യക്തിപരമായ വീക്ഷണങ്ങളും അടങ്ങുന്ന അനാവശ്യ പ്രസ്താവനകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മത നേതാവ് സംസ്ഥാനത്ത് അധികാര കസേരയിലിരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്നായിരുന്നു ഉത്തർ പ്രദേശിലെ ബറേലി ജില്ല അഡീഷനൽ ജില്ല ജഡ്ജി രവികുമാർ ദിവാകർ ഉത്തരവിൽ പറഞ്ഞത്. 2010ൽ ബറേലിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് മുസ്ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായ മൗലാന തൗഖീർ റാസാഖാന്റെ വിചാരണക്കിടയിലായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.