റിയാദ്: സൗഹൃദങ്ങളെ വിളക്കിച്ചേർത്ത് റമദാൻ മധുരം പങ്കിട്ട് പുണ്യമാസത്തെ ആഘോഷിക്കുകയാണ് ഹന നെമക്കെന്ന അമേരിക്കൻ യുവതി. റിയാദിലെ ഹനയുടെ ഇഫ്താർ ക്ലബിൽ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആതിഥേയത്വത്തിന്റെയും മികച്ച റമദാൻ അനുഭവമാണ് പങ്കുവെക്കപ്പെടുന്നത്. റിയാദിൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് എക്സിക്യൂട്ടിവായി ജോലി ചെയ്യുന്ന ഹന നെമെക് അമേരിക്കയിൽ കോളജ് വിദ്യാർഥിനിയായിരിക്കെയാണ് ഇസ്ലാം മതം സ്വീകരിച്ചത്.
2005ൽ സൗദി അറേബ്യയിലെത്തിയ ഹന സമൂഹനോമ്പുതുറയുടെ ആശയത്തിൽ ആകൃഷ്ടയായി ആരംഭിച്ചതാണ് ഇഫ്താർ ക്ലബ്. തുടക്കത്തിൽ മൂന്ന് അതിഥികൾ മാത്രമാണുണ്ടായിരുന്ന ക്ലബിൽ ഇന്ന് ഹനക്ക് 200 ഓളം അതിഥികളുണ്ട്. തുടക്കകാലത്ത് പരിചിതരല്ലാത്ത പലരും റമദാൻ ആഘോഷിക്കാനും അവരോടൊപ്പം നോമ്പ് തുറക്കാനും എന്നെ അവരുടെ വീടുകളിലേക്ക് ക്ഷണിക്കുകയും ഞാൻ അവരോടൊപ്പം ഇഫ്താറുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നതായി ഹന പറയുന്നു. എന്നാൽ ക്ഷണം സ്വീകരിച്ച് അതിഥിയായി ചെല്ലുന്നതിന് പകരം അതിഥികളെ ക്ഷണിച്ച് ആതിഥേയയാവാൻ ദൈവം എന്നെ പ്രാപ്തയാക്കുകയായിരുന്നു. ഇഫ്താർ സമ്മേളനത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഏറ്റവും പ്രാധാനം വിശ്വാസവും ദാനശീലവും പങ്കുവെക്കലുമാണ്. ഇതാണ് റമദാന്റെ ആത്മാവെന്നും ഹന കൂട്ടിച്ചേർക്കുന്നു.
വിശ്വാസികളെ സംബന്ധിച്ച് റമദാൻ ധ്യാനത്തിന്റെയും പ്രാർഥനയുടെയും സമയം മാത്രമല്ല. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും ഒരുമിച്ച് ഭക്ഷണം പങ്കിടുന്നതിനുള്ള സുവർണാവസരമാണ് പുണ്യ മാസം ഒരുക്കിത്തരുന്നത്. സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദർശിക്കുന്നതും സമൂഹവുമായി ബന്ധപ്പെടാൻ പരമാവധി സമയം കണ്ടെത്തുന്നതും റമദാനിൽ താൻ വളരെ ഇഷ്ടത്തോടെ ചെയ്യുന്ന ദിനചര്യകളാണെന്നും നെമെക് പറയുന്നു. സൗദിയിലുള്ള എന്റെ അവിശ്വസനീയ ജീവിതത്തിന് നന്ദി പ്രകടിപ്പിക്കാനുള്ള സമയമാണിത്. സങ്കൽപിക്കാൻ പോലും കഴിയാത്ത അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചത്. ദൈവസ്മരണയിൽ മുഴുകുകയാണ് ഞാൻ ഈ മാസം ചെയ്യുന്നതെന്നും ഹന വ്യക്തമാക്കുന്നു.
ഹനയുൾപ്പെടെയുള്ള നിരവധി വിദേശികളാണ് സൗദിയിലെ റമദാൻ അനുഭവങ്ങളുടെ വ്യതിരിക്തത പങ്കുവെച്ച് മന്നോട്ടു വരുന്നത്. സൗദി ആഭ്യന്തര മന്ത്രാലയവമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിനായി ഇംഗ്ലണ്ടിൽനിന്ന് 2015ൽ സൗദിയിലെത്തിയ ആൻഡ്രൂ ലോങ് എട്ട് വർഷത്തെ സൗദി റമദാൻ വിശേഷങ്ങൾ പങ്ക് വെക്കുന്നതും ആഹ്ലാദപൂർവമാണ്. ജീവിതപങ്കാളി സൗദി പൗരയായതിനാൽ ഇപ്പോൾ ഈ രാജ്യം എന്റെ പകുതി കുടുംബം തന്നെയായി മാറിയെന്നും ലോങ് പറയുന്നു. റമദാനിൽ ഒന്നുകിൽ വീട്ടിലോ ഞങ്ങളുടെ ഖൈമയിലോ (കൂടാരം) ഞങ്ങൾ ഒത്തുചേരുന്നു. അയൽവാസികളും ബന്ധുക്കളും ഞങ്ങളും ഭക്ഷണ വിഭവങ്ങൾ ഒരുക്കും. അങ്ങനെ ഒന്നിച്ചിരുന്ന് കഴിച്ച് റമദാൻ അവിസ്മരണീയമാക്കുകയാണിപ്പോൾ ആൻഡ്രൂ ലോങ് പറയുന്നു. സൗദി തലസ്ഥാനമായ റിയാദ് ലോകമെമ്പാടുമുള്ള വ്യത്യസ്ത സംസ്കാരത്തിലൂടെ യാത്ര ചെയ്യുന്ന പ്രവാസികളെ പാർപ്പിക്കുന്ന വൈവിധ്യ നഗരമാണിപ്പോൾ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ