ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തിലെ ‘ശക്തി’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ബി.ജെ.പി. നമ്മുടെ പോരാട്ടം ഒരു ‘ശക്തി’ക്കെതിരേയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇത് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്നും ‘നാരീ ശക്തി’യെ അവഹേളിക്കുന്നതാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
‘ഹിന്ദുമതത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന ദേവതയാണ് ദുർഗാ ദേവി. ദുർഗാ ദേവിയെ ‘ശക്തി’യായും സങ്കൽപ്പിക്കുന്നു. ഹിന്ദുമതത്തിനും ഹിന്ദു ദൈവങ്ങൾക്കും എതിരെയുള്ള ഈ നിന്ദ്യമായ പ്രസ്താവന മതവികാരം ആഴത്തിൽ വ്രണപ്പെടുത്തുന്നതാണ്. ‘ശക്തി’ക്ക് പിന്നിലെ മതപരമായ സങ്കൽപ്പത്തെ അവഹേളിക്കാനും മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനുമാണ് ഈ പ്രസ്താവന’ -ബി.ജെ.പിയുടെ പരാതിയിൽ പറയുന്നു.
തന്റെ വാക്കുകള്‍ പലപ്പോഴും വളച്ചൊടിക്കുകയാണ് , മോദി തെറ്റിദ്ധാരണ പരത്തുന്നുവെന്നും താനുദ്ദേശിച്ചത് ഭരണഘടനാ സ്ഥാപനങ്ങളെ അടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയെകുറിച്ചാണ്, അത് മോദിയെ കുറിച്ച് തന്നെയാണ്- അത് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്, അതിനാലാണാ വാക്ക് വളച്ചൊടിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. ഇതിന് ശേഷമാണിപ്പോൾ ഇതേ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.