മദീന: പുണ്യ നഗരമായ മദീനയിൽ പുതിയ പാർക്കും മ്യൂസിയവും തുറന്നു. അൽസാഫിയ എന്ന പേരിലുള്ള പാർക്കും മ്യൂസിയവും മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നബവിയിലെത്തുന്നവരുടെ സാംസ്കാരിക അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കും മ്യൂസിയവും ഒരുക്കിയിരിക്കുന്നത്. ഷോപ്പുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, മറ്റ് വിനോദ സേവനങ്ങൾ എന്നിവ സ്ഥലത്തുണ്ട്. ഉദ്ഘാടനശേഷം ഗവർണർ പാർക്കും മ്യൂസിയവും ചുറ്റിക്കാണുകയുണ്ടായി. പ്രവാചക പള്ളി സന്ദർശിക്കുന്നവരുടെ സാംസ്കാരികവും വൈജ്ഞാനികവുമായ അനുഭവം സമ്പന്നമാക്കാൻ പദ്ധതി സഹായിക്കുമെന്ന് മദീന മേഖല വികസന അതോറിറ്റി സി.ഇ.ഒ എൻജി. ഫഹദ് അൽ ബലീഹഷി പറഞ്ഞു. അൽസാഫിയ ഏരിയ സാംസ്കാരികവും വിനോദപരവുമായ ഘടകങ്ങളാൽ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചെടുത്തതായും സി.ഇ.ഒ പറഞ്ഞു.
സമായ ഇൻവെസ്റ്റ്മെൻറ് കമ്പനിയുമായും സ്വകാര്യ മേഖലയിലെ പങ്കാളികളുമായും സംയോജിച്ച് മദീന മേഖല വികസന അതോറിറ്റിയാണ് പദ്ധതി നടപ്പാക്കിയത്. ഇസ്ലാമിക ചരിത്ര സ്ഥലങ്ങളും പ്രധാന സ്ഥലങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണ് അൽസാഫി പാർക്കും മ്യൂസിയവുമെന്നും സി.ഇ.ഒ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ