ദേവികുളം: ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. തിരഞ്ഞെടുപ്പ് സമയത്ത് ആശങ്കയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ്. സി.പി.എമ്മില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രകാശ് ജാവഡേക്കറുമായി വ്യക്തിപരമായ ബന്ധമെന്നും എസ്.രാജേന്ദ്രന് ഡല്‍ഹിയില്‍ പറഞ്ഞു.
ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്ലാന്റേഷന് വിഷയവുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്നും എസ് രാജേന്ദ്രന് പ്രതികരിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാജേന്ദ്രന് ഡല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ജാവദേക്കറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിനില്‍ക്കെ പാര്‍ട്ടി വിടില്ലെന്ന പ്രഖ്യാപനവുമായി രാജേന്ദ്രന് രംഗത്തെത്തിയിരുന്നു. മാത്രമല്ല അദ്ദേഹം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു രാജേന്ദ്രന് പരിപാടിക്കെത്തിയത്.