തലസ്ഥാന നഗരത്തിൽ ടിപ്പർ അപകടങ്ങൾ തുടർക്കഥയാകുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി പാറകൾ കുത്തിനിറച്ച് വരുന്ന ടിപ്പർ ലോറികളാണ് അപകടത്തിന് കാരണമാകുന്നത്.
ഇന്ന് പനവിള ജംഗ്ഷനിൽ അമിത വേഗത്തിൽ സിഗ്നൽ തെറ്റിച്ചെത്തിയ ടിപ്പർ ലോറി ഇന്ന് മലയൻകീഴ് സ്വദേശിയായ സുധീർ എന്ന അധ്യാപകൻ്റെ ജീവനെടുത്തിരുന്നു. ഇന്നലെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് വേണ്ടിയുള്ള പാറയുമായി പോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു വീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ മുക്കോല അനന്തു മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. രണ്ട് മാസം മുമ്പുണ്ടായ ഇന്നലെയുണ്ടാതിന് സമാനമായ അപകടത്തില്‍ പരുക്കേറ്റ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു
കഴിഞ്ഞദിവസം പുലര്‍ച്ചെ നാലിന് പാറ ഇറക്കിയശേഷം തമിഴ്‌നാട്ടിലേക്ക് അമിത വേഗത്തില്‍ തിരിച്ച് പോയ ടിപ്പര്‍ ലോറി ഗുഡ്‌സ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചിരുന്നു. കളിയിക്കാവിള സ്‌കൂളിന് സമീപത്തായിരുന്നു അപകടം. ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ മറ്റൊരു ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് ഒറ്റാമരത്തുള്ള വീടിന്റെ മതില്‍ തകര്‍ത്ത് ഇടിച്ചുകയറിയ സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
തമിഴ്‌നാട്ടില്‍നിന്ന് പാറയുമായി എത്തുന്ന ടിപ്പര്‍ ലോറികളെ നിയന്ത്രിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന പരാതി ഉയരുകയാണ്. അമിത വേഗത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തി ടിപ്പർ ലോറികൾ നിയമ ലംഘനങ്ങള്‍ നടത്തിയിട്ടും നടപടി സ്വീകരിക്കാന്‍ യാലീസോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. വലിയ പാറക്കഷണങ്ങള്‍ ഏതുനിമിഷവും പുറത്തേക്ക് തെറിച്ചു വീഴാവുന്ന നിലയിലാണ് വര്‍ഷങ്ങളായി ടിപ്പറുകള്‍ അമരവിള ചെക്ക് പോസ്റ്റും കടന്ന് വരുന്നത്. അനുവദനീയമായതിലും ഇരട്ടിയിലധികം ഭാരവുമായി പായുന്ന ടിപ്പറുകള്‍ വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിയാണ് ചീറിപ്പായുന്നത്.