ന്യൂഡൽഹി: ബി.എസ്.പിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഡാനിഷ് അലി എം.പി കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു. ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ നിന്നുള്ള പാർലമെൻറംഗമാണ് ഡാനിഷ് അലി.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിൽ ബി.ജെ.പി എം.പി രമേഷ് ബിധുരിയുടെ ഇസ്ലാമോഫോബിക് അധിക്ഷേപത്തിന് ഡാനിഷ് വിധേയനായപ്പോൾ പിന്തുണയുമായി രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെ, പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് 2023 ഡിസംബർ 9ന് ബിഎസ്പിയിൽ നിന്ന് ഡാനിഷിനെ സസ്പെൻഡ് ചെയ്തു.
ഒരു ഭാഗത്ത് വിഭാഗീയ ശക്തികളും മറുവശത്ത് പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നവരുമാണ്. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം ചേർന്നുപോകാൻ തീരുമാനിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും ഡാനിഷ് അലി പറഞ്ഞു.
അംരോഹയിൽ മത്സരിക്കാനായി കോൺഗ്രസ് സമാജ്വാദി പാർട്ടിയുമായി ചർച്ച നടത്തിവരുന്ന ഘട്ടത്തിലാണു ഡാനിഷ് അലി പാർട്ടിയിലെത്തിയത്. ഇതോടെ ഡാനിഷ് അലി ഇത്തവണ മണ്ഡലത്തിൽനിന്നു കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. നേരത്തെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിലും ഡാനിഷ് അലി പങ്കെടുത്തിരുന്നു. തന്റെ മണ്ഡലമായ അംറോഹയിലൂടെ രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോകുമ്പോഴും ഡാനിഷ് പങ്കെടുത്തിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ബിഎസ്പി ഡാനിഷ് അലിയെ സസ്പെന്ഡ് ചെയ്തത്. മഹുവ മൊയ്ത്രയെ പാർലമെന്റിൽനിന്നു പുറത്താക്കിയ നടപടിക്കെതിരെ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. മറ്റ് ബിഎസ്പി എംപിമാർ പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്നിരുന്നു.