തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണു വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം.
ബേക്കറി ജംഗ്ഷന് സമീപമുള്ള പനവിളയിൽ നടന്ന അപകടത്തിൽ അധ്യാപകൻ മരണപ്പെട്ടു. മലയൻകീഴ് സ്വദേശി ജിഎസ് സുധീറാണ് മരിച്ചത്.ചാല ടെക്നിക്കൽ സ്കൂൾ അധ്യാപകനാണ് സുധീർ . അപകടമുണ്ടായതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുധീർ സഞ്ചരിച്ച ബൈക്കിൽ സിഗ്നൽ തെറ്റിച്ചു അമിത വേഗത്തിൽ വന്ന ടിപ്പർ സുധീറിനെ ഇടിക്കുകയായിരുന്നു. അലക്ഷ്യമായി വന്ന ടിപ്പർ സുധീറിൻ്റെ ശരീരത്തിൽ കയറി ഇറങ്ങുകയായിരുന്നു.
പട്ടത്തെ സഹോദരിയുടെ വീട്ടിൽ പോയി മലയിൻകീഴിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സുധീറിന് അപകടമുണ്ടായത്. സുധീറിന്റെ സംസ്കാരം നാളെ നടക്കും. ഡിഎംഒ ഓഫീസ് ജീവനക്കാരിയായ സ്മിതയാണ് ഭാര്യ. മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളാണുള്ളത്.
സുധീറിൻ്റെ മരണത്തിനിടയായാക്കിയ ടിപ്പറിൻ്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പറിറോടിച്ച സതീഷ് കുമാറാണ് അറസ്റ്റിലായത്. അശ്രദ്ധമായും അലക്ഷ്യവുമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത് . മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു.
വിഴിഞ്ഞം പോർട്ടിലേക്ക് കല്ല് കൊണ്ട് പോകുന്ന വാഹനമാണ് അപകടത്തിന് കാരണമായത്. വഴിയരികിൽ നിന്ന അനന്തുവിന് നേരെ കല്ല് തെറിച്ച് വീഴുകയായിരുന്നു. ഇന്നലെ രാവിലെയാണ് തുറമുഖത്തിന് സമീപം അപകടമുണ്ടായത്
















