തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി പ്രചരിപ്പിക്കുന്നുവെന്ന് ആരോപണത്തിനാണ് മറുപടിയുമായി സതീശൻ രംഗത്തെത്തിയിരിക്കുന്നത്.
താൻ പറയുന്ന ചിത്രം വ്യാജമല്ലെന്നും വൈദേകം റിസോർട്ട് തന്നെ മാധ്യമങ്ങൾക്ക് നൽകിയ പടമാണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ മറുപടി. തനിക്കെതിരെ കേസ് കൊടുക്കുമെന്നാണല്ലോ പറയുന്നതെന്നും അപ്പോൾ തെളിവ് ഹാജരാക്കാമെന്നും വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ പറഞ്ഞു.
അശ്ലീല വീഡിയോ നിർമ്മിക്കുന്നതിൽ പ്രശസ്തനാണ് വി.ഡി സതീശനെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും ജയരാജൻ ആരോപിച്ചിരുന്നു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്. ഒരു ഫോട്ടോയിൽ തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തല വെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്. എറണാകുളത്തെ നേതാവിനെയും ഉപയോഗപ്പെടുത്തിയാണ് വ്യാജ നിർമിതി. ഇപ്പോൾ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നുവെന്ന ജയരാജൻ്റെ ആരോപണത്തിനാണ് സതീശൻ്റെ മറുപടി.
വ്യാജമായി ചിത്രം നിർമ്മിച്ചവരുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്നും അയ്യങ്കാളിയുടെ ചിത്രം ഹീനമായി പ്രസിദ്ധീകരിച്ചവർക്കെതിരെ പോലും നടപടിയുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
വൈദേഹം റിസോർട്ടിൽ തന്റെ ഭാര്യക്ക് പങ്കാളിത്തമുണ്ടന്നാണ് ഇ.പി ജയരാജൻ ഇന്ന് സമ്മതിച്ചതെന്തും മുമ്പ് പറഞ്ഞത് ഷെയറുണ്ടെങ്കിൽ തനിക്കും ഭാര്യക്കും നൽകാമെന്നുമായിരുന്നു.റിസോർട്ട് ഇടപാട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.പി ജയരാജൻ ബിജെപി സ്ഥാനാർത്ഥികളെ പുകഴ്ത്തി പറഞ്ഞപ്പോഴാണ് തങ്ങൾ ബിജെപി നേതാവുമായുള്ള ബന്ധം അന്വേഷിച്ച് പോയതെന്നും സതീശൻ വ്യക്തമാക്കി.
ഇ.പി. ജയരാജൻ പാവമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടി പിണറായി വിജയനാണ് അദ്ദേഹത്തെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.ബിജെപിയിലേക്ക് ആളുകൾ പോകുന്നത് ആഘോഷിക്കുന്നത് കേരളത്തിലെ സിപിഎമ്മുകരാണെന്നും അൽഫോൻസ് കണ്ണന്താനം ഉൾപ്പടെയുളളവർ പോയപ്പോൾ പിണറായി എന്തെങ്കിലും പറഞ്ഞോയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അപമാനിക്കുന്ന ബിജെപി വനിത നേതാവ് ശോഭ കരന്തലജയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരള സർക്കാർ പേടിച്ച് മിണ്ടാതിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
















