കാലിലും, കയ്യിലും നീര് വരുന്നത് പല രോഗങ്ങളുടെയും ലക്ഷണമാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് പല രോഗങ്ങൾക്കും കാരണമാകും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിലെ പല വസ്തുക്കളുടെയും അളവ് നിയന്ത്രിക്കുന്നതിലും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിലും മൂത്രം ഉൽപ്പാദിപ്പിക്കുന്നതിലും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു.
വൃക്കകൾ, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ, ഗ്ലൂക്കോസ്, ഹോർമോണുകൾ, രക്തപ്രവാഹത്തിലെ മറ്റ് സുപ്രധാന പദാർത്ഥങ്ങൾ എന്നിവയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. വൃക്കകളുടെ പ്രവർത്തനം തരാറിലാകുന്നത് ശരീരത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കും.
ഒരു കാരണവുമില്ലാതെ കൂടുതൽ ക്ഷീണം അനുഭവപ്പെടുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, രാത്രി ഉറങ്ങാൻ ബുദ്ധിമുട്ട്, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം, മൂത്രത്തിലെ നിറത്തിൽ വ്യത്യാസം കാണുക, കാലുകളും കണങ്കാലുകളും വീർക്കുക, വിശപ്പില്ലായ്മ, പേശിവലിവ് എന്നിവയെല്ലാം വൃക്കരോഗത്തിൻ്റെ സാധാരണ ലക്ഷണങ്ങളാണ്.
യൂറിയ, ക്രിയാറ്റിനിൻ തുടങ്ങിയ വസ്തുക്കളെ പുറന്തള്ളാൻ രക്തം ഫിൽട്ടർ ചെയ്യുന്നതിനു പുറമെ വൃക്കകൾ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു. എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രക്തത്തിൻ്റെ ഉൽപാദനത്തിനും വൃക്കകൾ സഹായിക്കുന്നു.
വൃക്ക രോഗങ്ങൾ ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം?
ഭക്ഷണത്തോടുള്ള മടുപ്പ്
ആളുകൾക്ക് ഭക്ഷണം കഴിക്കാനുള്ള താൽപര്യം നഷ്ടപ്പെടുകയും ഭക്ഷണം കഴിച്ച ശേഷം ഓക്കാനം അനുഭവപ്പെടുകയും ചെയ്യുക.
നീര്
പാദങ്ങൾക്ക് നീര്,കണംകാലിൽ നീര് , കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കമാണ് മറ്റൊരു ലക്ഷണം. ദീർഘനേരം ഇരിക്കുമ്പോൾ പാദങ്ങൾ വീർക്കുക.
ക്ഷീണം അനുഭവപ്പെടുന്നു
വൃക്കരോഗമുള്ള ആളുകൾക്ക് ഊർജ്ജ നില കുറയുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതായും തോന്നാം.
ഉറക്കമില്ലായ്മ
ഉറക്ക രീതിയിലെ മാറ്റമാണ് മറ്റൊരു ലക്ഷണം. രാത്രിയിൽ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് വൃക്കരോഗത്തിന്റെ മറ്റൊരു ലക്ഷണമായി വിദഗ്ധർ പറയുന്നു.
ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല
പഠനത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട തോന്നുന്നതാണ് മറ്റൊരു ലക്ഷണം.
ഉയർന്ന രക്ത സമ്മർദ്ദം
വൃക്കരോഗികൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.