എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയുമായി ബന്ധപ്പെട്ട വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറിഎന്നും, രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള നിരാമയ റിട്രീറ്റാണ് വൈദേകത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത് എന്നുള്ളതുമാണ് ഇപ്പോഴത്തെ ചർച്ചകളിൽ ഇടംപിടിക്കുന്ന ചൂടുള്ള വാർത്ത. വിവാദത്തിൽ സമൂഹമാധ്യമങ്ങളിലും ചർച്ചകൾ നടക്കുകയാണ്. അതിനിടെ പുതിയ വാർത്തകളും പ്രചാരണങ്ങളും പുറത്തുവരുന്നുണ്ട്.
ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് ഇ. പി. ജയരാജന്റെ ഭാര്യ ഇന്ദിരയും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നേരത്തെ, ഇ.പി.ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ ഇഡി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
ഈ ചിത്രത്തിന്റെ വസ്തുതയാണ് നമ്മൾ പരിശോധിക്കുന്നത്.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് ഇ പി ജയരാജന്റെ ഭാര്യയും എന്ന കുറിപ്പിനൊപ്പം ഇരുവരുമുള്ള ഒരു ചിത്രങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ വസ്തുത എന്താണെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ അഗർത്തല ആസ്ഥാനമായ (kokthum) ഒരു വാർത്ത മാധ്യമത്തിൽ 2023 ജൂലൈ 6ന് ചിത്രം അടക്കമുള്ള വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. വാർത്ത പരിശോധിച്ചപ്പോൾ ലഭിച്ച വിവരം ഇങ്ങനെയാണ്- കേന്ദ്രസഹമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപിയുടെ ലോക്സഭ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് സഹമന്ത്രി പ്രതിമ ഭൗമിക്കിന് ഒപ്പം.
ഇപ്പൊ കാര്യങ്ങൾ ഏറെ കുറെ വ്യക്തമാണ്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിന്റെ ചിത്രത്തിൽ ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ചിത്രം മോർഫ് ചെയ്ത് ചേർത്തതാണ് പ്രചരിക്കുന്ന ചിത്രം. 2023 സെപ്റ്റംബർ 21ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച എക്സ് പോസ്റ്റിൽ പ്രതിഭാ ഭൗമിക്കുമായുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ ചിത്രങ്ങൾ കണ്ടെത്തി.
മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തകയും സാമൂഹ്യനീതി, ശാക്തീകരണ സംസ്ഥാന മന്ത്രിയുമായ കുമാരി പ്രതിമ ഭൗമിക് ജിയുടെ ക്ഷണം സ്വീകരിക്കുകയും ത്രിപുരയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള നൈപുണ്യ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു എന്നാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്.
കൂടാതെ, ചിത്രം വ്യാജമായി നിർമ്മിച്ചതാണെന്നും ഇത് സംബന്ധിച്ച് കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും വ്യക്തമാക്കി ഇ.പി.ജയരാജനും ഇന്ന് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് പരാതി നൽകിയത്. പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തതായും അറിയാൻ സാധിച്ചു.
ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും പി.കെ.ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചത്.
തന്നെയും ഭർത്താവിനെയും സമൂഹത്തിൽ അപമാനിക്കുകയാണ് വേണ്ടിയാണ് ജോസഫ് ഡിക്രൂസ് വ്യാജ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്ന് ഇന്ദിരയുടെ പരാതിയിൽ പറയുന്നു. വളപട്ടണം പൊലീസ് ഇ.പി.ജയരാജന്റെ വീട്ടിലെത്തി ഇന്ദിരയുടെ മൊഴി രേഖപ്പെടുത്തി. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, അപകീർത്തിയുണ്ടാക്കൽ, വ്യാജ രേഖ യഥാർഥമെന്ന തരത്തിൽ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. ജോസഫ് ഡിക്രൂസിന്റെ പേരിലുള്ള അക്കൗണ്ടിലാണ് വ്യാജ ചിത്രം വന്നതെന്ന് പരാതിയിൽ പറയുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്നും കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിരയും ഒരുമിച്ചുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രം എന്ന തരത്തിൽ പ്രചരിക്കുന്നത് മോർഫ് ചെയ്ത ചിത്രങ്ങളാണ്. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രത്തിലെ മന്ത്രിയുടെ മുഖം മോർഫ് ചെയ്ത് ഇ. പി. ജയരാജന്റെ ഭാര്യ ഇന്ദിരയുടെ മുഖം ചേർത്തുവെച്ചാണ് വ്യാജ പ്രചാരണം നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം