തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരംന്തലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്. ശോഭ നടത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാഴി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയാണ് പരാതി നൽകിയിരിക്കുന്നത്.
ശോഭ കരംന്തലജയുടെ കേരള വിരുദ്ധ പരാമർശം കർണാടകയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ്. കർണാടകയെയും കേരളത്തെയും വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്ര മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ശോഭയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നടപടിയടക്കം സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കേന്ദ്രമന്ത്രിക്കെതിരെ കേന്ദ്ര മന്ത്രിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ, കേരള തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന ഡിജിപി എന്നിവർക്കാണ് പരാതി കൈമാറിയിട്ടുള്ളത്.
ശോഭ ശോഭ കരന്തലജെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിലാണ് പരാതി നൽകിയത്. കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസിൻ്റെ വനിതാ സംഘനയുടെ പരാതി. ശോഭയുടെ പരാമർശത്തിനെതിരെ കേരള പൊലീസ് നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ബെംഗളൂരിൽ അക്രമം അഴിച്ചുവിടുന്നത് തമിഴ്നാട്ടുകാരും മലയാളികളുമാണ് എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം. കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത് മലയാളികളാണും രമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നുമാണ് ശോഭ ആരോപിച്ചിരുന്നത്. സംഭവം വിവാദമായതോടെ തമിഴ്നാടിനെതിരെയുള്ള പരാമർശം പിൻവലിച്ച് ശോഭ മാപ്പു പറഞ്ഞിരുന്നു.
രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു ശോഭയുടെ വിശദീകരണം. എന്നാൽ കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ശോഭ കരന്തലജെ അറിയിച്ചിരുന്നു
അതേസമയം; ശോഭ കരന്തലജെക്കെതിതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
















