ന്യൂഡല്‍ഹി: രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളിലെ 21 ലക്ഷം സിം കാര്‍ഡുകള്‍ വ്യാജമെന്ന കണ്ടെത്തലുമായി ടെലികോം വകുപ്പ്. ഈ സിം കാര്‍ഡുകള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് എടുത്തവയാണെന്ന് ടെലികമ്യുണിക്കേഷന്‍ വകുപ്പ് കണ്ടെത്തി. വ്യാജ സിം കാര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള 21 ലക്ഷം സിം കാര്‍ഡുകള്‍ ഉടന്‍ റദ്ദാക്കും.
ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്ബനികള്‍ക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറിയിട്ടുണ്ട്. അടിയന്തരമായി ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് 114 കോടി കണക്ഷനുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 21 ലക്ഷം സിമ്മുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.
ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ഒന്‍പത് സിംകാര്‍ഡുകള്‍ എന്ന പരിധി മറികടന്നും ചില കമ്ബനികള്‍ കണക്ഷന് നല്‍കിയിട്ടുണ്ട്. നിലവിലില്ലാത്തതും വ്യാജവുമായ രേഖകള്‍ നല്കി എടുത്ത സിംകാര്‍ഡുകളില്‍ ഭൂരിഭാഗവും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കോ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതോടെയാണ് സത്വര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടലിലൂടെ സിം നിയമാനുസൃതമാണോ എന്ന ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാം.
ഇപ്പോഴത്തെ നടപടി ഒരു തുടക്കമാണെന്നും അധികം വൈകാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിമ്മുകള്‍ ബ്ലോക്കുചെയ്യുന്നതിനൊപ്പം ആ സിമ്മുകള്‍ ഉപയോഗിച്ചിരുന്ന ഹാന്‍ഡ് സെറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള നടപടികളും ഉണ്ടാകും. ഇത്തരത്തിലുള്ള വ്യാജ സിം കാര്‍ഡുകള്‍ രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.