ചെന്നൈ:കോടികൾ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത മലയാളി ദമ്പതികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം സ്വദേശികളായ മധുസൂദനൻ (53), ഭാര്യ പ്രീജ (46) എന്നിവരെയാണ് തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തത്.90 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്.പ്രതിമാസം വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ കബളിപ്പിച്ച ഹിജാവു അസോസിയേറ്റ്സിന്റെ ഭാഗമാണ് ഇരുവരും.
ഒരു വർഷത്തിലേറെയായി ഒളിവിലായിരുന്ന ഇവരെ പ്രത്യേക സംഘം കേരളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹിജാവു അസോസിയേറ്റ്സിന്റെ അനുബന്ധ സ്ഥാപനമായ എപിഎം അഗ്രോയുടെ ഡയറക്ടർമാരാണ് ഇവർ.
നിക്ഷേപകരിൽനിന്ന് 1,620 കോടി തട്ടിയെടുത്ത കേസിൽ ഹിജാവു അസോസിയേറ്റ്സിനെതിരെ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. 20 പേർ ഇതിനകം പിടിയിലായി. മാനേജിങ് ഡയറക്ടർ അലക്സാണ്ടറെ കണ്ടെത്തുന്നതിനായി ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.