ബെംഗളൂരു:ഹൃദയധമനികൾ ചുരുങ്ങുന്നതിനെ തുടർന്ന് മൂന്നാം തവണയും വാൽവ് മാറ്റിവെക്കാനൊരുങ്ങി ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി.ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഹൃദയ വാൽവ് മാറ്റിവയ്ക്കും.കടുത്ത പ്രമേഹ രോഗിയായ കുമാരസ്വാമിക്ക് 2 തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്.
സന്ദർശകരെ ഒഴിവാക്കാനാണ് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ നടത്തുന്നതെന്നു സഹോദരീ ഭർത്താവും ഹൃദ്രോഗ വിദഗ്ധനും ബിജെപി സ്ഥാനാർഥിയുമായ ഡോ.സി.എൻ.മഞ്ജുനാഥ് പറഞ്ഞു.ശസ്ത്രക്രിയ വേണ്ടാത്ത ചികിത്സാ രീതിയായതിനാൽ 24ന് ഡിസ്ചാർജ് ചെയ്തേക്കും.
ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം അവസാനിപ്പിക്കാൻ, കോലാർ സീറ്റ് ഉൾപ്പെടെ 3 മണ്ഡലങ്ങൾ സഖ്യകക്ഷിയായ ജനതാദൾ എസിനു നൽകാൻ ബിജെപി തയാറായതായി സൂചന. ഹാസൻ, മണ്ഡ്യ സീറ്റുകൾ മാത്രമേ ദളിനു നൽകാനിടയുള്ളൂ എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞദിവസം പ്രചരിച്ചതോടെ, അസ്വാരസ്യം പരസ്യമാക്കി ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി രംഗത്തു വന്നിരുന്നു.
ബിജെപി നേതൃത്വം ഡൽഹിയിൽ നടത്തിയ ചർച്ചയിലാണു ബിജെപിയുടെ സിറ്റിങ് സീറ്റായ കോലാർ കൂടി ദളിനു നൽകാനുള്ള തീരുമാനം മുന്നോട്ടുവച്ചത്.ബെംഗളൂരു റൂറലിൽ ദേവെഗൗഡയുടെ മരുമകൻ ഡോ.സി.എൻ.മഞ്ജുനാഥ് ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്.
കർണാടകയിൽ ദളിന്റെ ഏക എംപിയും ദേവെഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണ മത്സരിക്കുന്ന ഹാസനിൽ, ബിജെപി പ്രാദേശിക നേതൃത്വം ഇടഞ്ഞു നിൽക്കുകയാണ്. പ്രജ്വലിന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ പ്രീതം ഗൗഡ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്