ശാരീരിക അസുഖങ്ങളുടെ മുന്നോടിയായി ചർമ്മത്തിൽ അനവധി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ചെറിയ ലക്ഷണങ്ങൾ ശരീരത്തിൽ വരുമ്പോൾ അധികമാരും ശ്രദ്ധിക്കാറില്ല. എന്നാൽ മുഖക്കുരു മുതൽ കഴുത്തിലെ കറുത്ത നിറം വരെ രോഗങ്ങളുടെ ലക്ഷങ്ങളാണ്.
ലക്ഷങ്ങൾ പറയും അസുഖം
മുഖക്കുരു
പോളിസിസ്റ്റിക് ഓവറി, കുഷിങ്സ് സിൻഡ്രോംപോലെയുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്ന അവസ്ഥകളിൽ മുഖക്കുരു കണ്ടുവരാറുണ്ട്. സാധാരണമായി കാണുന്നതിലും തീവ്രതയും മരുന്നുകളോട് പ്രതികരിക്കാത്ത തരത്തിലുള്ളതും ആകാം ഇക്കൂട്ടരിൽ കാണുന്ന മുഖക്കുരു.
കഴുത്തിന് ചുറ്റും കറുത്ത പാടുകൾ
കഴുത്തിന് ചുറ്റും അഴുക്കു പറ്റിയപോലെ കറുത്ത് കാണപ്പെടുന്നതാണ് അക്കാന്തോസിസ് നൈഗ്രിക്കൻസ്. കഴുത്തിന് മാത്രമല്ല, കക്ഷത്തിലും കൈമടക്കിലും, തുടയിടുക്കിലും വിരളമായി മുഖത്തും കൈപ്പത്തിയിലും ഇത് കണ്ടുവരാറുണ്ട്.
പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഹോർമോണിനോട് ശരീരം പ്രതികരിക്കാത്ത അവസ്ഥയായ പ്രമേഹം, അമിതവണ്ണം, പോളിസിസ്റ്റിക് ഓവറി എന്നിവയുള്ളവരിൽ ഇത് സാധാരണമാണ്. ഇത്തരം ആളുകളിൽ കണ്ടുവരുന്ന മറ്റൊരു ചർമപ്രശ്നമാണ് ചെറിയ പാലുണ്ണികൾ അഥവാ സ്കിൻ ടാഗ്‌സ്.
വരണ്ട ചർമം
വരണ്ട ചർമം പൊതുവേ പാരമ്പര്യമായി കണ്ടുവരുന്നതാണെങ്കിലും, ചുരുക്കം ചിലരിൽ ഇത് തൈറോയ്ഡ് തകരാറുകളുടെ ലക്ഷണമാകാം. പ്രമേഹരോഗികളിലും വരണ്ട ചർമം കണ്ടുവരാറുണ്ട്. വരണ്ട ചർമംമൂലം ചൊറിച്ചിൽ അനുഭവപ്പെടാം.
നേർത്ത ചർമം
കുഷിങ്സ് സിൻഡ്രോം എന്ന രോഗവസ്ഥയിൽ അമിതവണ്ണം, മുഖത്ത് വീക്കം എന്നിവയോടൊപ്പം നേർത്ത ചർമം കണ്ടുവരാറുണ്ട്. ചർമം വളരെ നേർത്തതാകുന്നതോടെ രക്തക്കുഴലുകൾ വ്യക്തമായി കാണാൻ സാധിച്ചേക്കാം, ഗർഭിണികളിൽ വയറിലെ ചർമം വലിഞ്ഞു പൊട്ടി വരകൾ (സ്ട്രെച്ച് മാർക്ക്) വീഴുംപോലെ, ഈ രോഗാവസ്ഥയിൽ ചർമത്തിൻ്റെ കട്ടിക്കുറവ് മൂലം സ്ട്രെച്ച് മാർക്ക് വീഴാം.
താരൻ
വിട്ടുമാറാത്ത, തീവ്രത കൂടിയ താരൻ വളരെ വിരളമായി ഹോർമോൺ ഉത്പാദിപ്പിക്കുന്ന ചിലയിനം ട്യൂമറുകളുടെയും ലക്ഷണമാകാം.
മുടികൊഴിച്ചിൽ
തൈറോയ്‌ഡ് തകരാറുകളുടെ ലക്ഷണമായി മുടികൊഴിച്ചിൽ ഉണ്ടാകാം, മുടിയിഴകൾ വരണ്ടതും ബലമില്ലാത്തതും ആകാം. പാരമ്പര്യമായി കഷണ്ടി സാധ്യതയുള്ള സ്ത്രീകളിൽ ആർത്തവവിരാമം മൂലമോ അണ്ഡാശയങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് മൂലമോ ഈസ്ട്രജൻ കുറയുന്നത് കഷണ്ടി തെളിയാൻ കാരണമാകാം.
ചർമപ്രശ്‌നങ്ങൾ
തൈറോയ്‌ഡ് ഗ്രന്ഥിയുടെ തകരാറുമായി ബന്ധമുള്ള മറ്റ് ചർമരോഗങ്ങളാണ് ഓട്ടോഇമ്യൂൺ രോഗങ്ങളായ വെള്ളപ്പാണ്ട്, ചെറിയ വൃത്താകൃതിയിൽ മുടികൊഴിയുന്ന അലോപേഷ്യ ഏരിയേറ്റ, ശരീരം ചൊറിഞ്ഞുതടിക്കുന്ന അർട്ടിക്കേരിയ എന്നിവ.
നിരന്തരമായി ചർമത്തിൽ ഉണ്ടാകുന്ന അണുബാധ (പഴുപ്പോടുകൂടിയ ബാക്ടീരിയൽ അണുബാധ, തുടയിടുക്കിലും കക്ഷത്തിലും സ്ത്രീകളിൽ മാറിനടിയിലും വെള്ളപോ ക്കായും കാണുന്ന ഫംഗൽ അണുബാധ) ഉണങ്ങാത്ത മുറിവുകൾ എന്നിവ പ്രമേഹത്തിൻ്റെ ലക്ഷണങ്ങളാകാം.