ജമ്മുകാശ്മീര്‍ കുപ്പുവാരയില്‍ മലയാളി ജവാന് മരണപ്പെട്ടു. പേയാട് തച്ചോട്ടുകാവ് സ്വദേശി ശ്രീജിത്ത് (32) ആണ് മരിച്ചത്. കാശ്മീരിലെ കുപ്പുവാര സി.ആര്.പി.എഫ് പോസ്റ്റില്‍ രാവിലെ നടക്കുന്ന പരേഡില്‍ പങ്കെടുക്കവെ തലചുറ്റി വീഴുകയും, തുടര്‍ന്ന് മിലിട്ടറി ആശുപ്രിയില്‍ വെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. എന്നാല്‍, ജീവന് രക്ഷിക്കാനായില്ലെന്നാണ് കുപ്പുവാര സി.ആര്.പി.എഫ് പോസ്റ്റില്‍ നിന്നും ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുമെന്നും മിലിട്ടറിയില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ ഭാര്യയുടെ മൊബൈല്‍ നമ്പരിലാണ് അറിയിച്ചത്. ശ്രീജിത്തും ഭാര്യ രേണുകയും അടങ്ങുന്ന കുടുംബം ഇപ്പോള്‍ താമസിക്കുന്നത് കരമന, മണക്കാടാണ്. മകന്റെ മരണ വാര്‍ത്തയറിഞ്ഞ ശ്രീജിത്തിന്റെ അച്ഛന് ജയനും അമ്മ ഗിരിജയും എന്തു ചെയ്യണമെന്നറിയാതെ നിലവിളിക്കുകയാണ്.
പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാമ്പില്‍ വിളിച്ചിട്ടും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം എപ്പോള്‍ എത്തിക്കുമെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ശ്രീജിത്തിന്റെ മരണം ആദ്യം വിളിച്ചറിയിച്ചത്, അവന്റെ കൂട്ടുകാരാണ്. ഫോണിലാണ് വിളിച്ചു പറഞ്ഞത്.
പിന്നാലെയാണ് സി.ആര്.പി.എഫ് കുപ്പുവാര റെജിമെന്റില്‍ നിന്നും സന്ദേശം ലഭിക്കുന്നത്. കമാന്‍ഡന്റ് 162 ബി.എന്‍ സി.ആര്.പി.എഫ് വിനോദ് കുമാറാണ് ശ്രീജിത്തിന്റെ മരണം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നാലു മക്കളില്‍ രണ്ടാമത്തെ മകനാണ് ശ്രീജിത്തെന്ന് അച്ഛന് ജയന് പറയുന്നു.