ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാരിന് അനുകൂലമായി സുപ്രീം കോടതി. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള നിയമം സ്റ്റേ ചെയ്യാന്‍ വീണ്ടും സുപ്രീംകോടതി വിസമ്മതിച്ചു. നിയമത്തിന് സ്റ്റേ നൽകി ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അങ്ങനെ ചെയ്യുന്നത് അരാജകത്വം സൃഷ്ടിക്കും എന്ന് കോടതി നിരീക്ഷിച്ചു. പുതിയ നിയമപ്രകാരം സെലക്ഷന് പാനലില്‍ മാറ്റങ്ങള്‍ വരുത്തി തിരഞ്ഞെടുത്ത പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കതെിരെ ആരോപണങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് എക്സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമം തെറ്റാണെന്ന് കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍ ഐഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിംഗ് സന്ധുവിനേയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചതിനെതിരെ ആയിരുന്നു ഹര്‍ജി. “നിലവില്‍ നിയമിച്ച വ്യക്തികള്‍ക്കെതിരെ ആരോപണങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. സൗകര്യം കൂടി നോക്കുക എന്നത് പ്രധാനമാണ് ” -കോടതി പറഞ്ഞു.
2023 മാർച്ചിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന ഒരു സമിതിയുടെ ഉപദേശപ്രകാരമാകണമെന്ന് വിധിച്ചിരുന്നു. അനൂപ് ബരൻവാൾ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2023 മാർച്ച് 2നായിരുന്നു കോടതി ഉത്തരവിട്ടത്.
തുടർന്ന് സുപ്രീം കോടതി വിധി പറയാൻ 2023 ഡിസംബറിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള നിയമം പാർലമെന്റ് പാസാക്കുന്നത്. 2024 ജനുവരി 2 മുതല്‍ സിഇസി ആൻഡ് ഇസി നിയമം 2023 നിലവിൽ വന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നം പുതിയ കമ്മീഷ്ണർമാരുടെ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാന പ്രതിപക്ഷ പാർട്ടിയുടെ പാർലമെൻ്ററി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരാണ് പുതിയ നിയമപ്രകാരമുള്ള സമിതിയിൽ ഉണ്ടായിരുന്നത്. എന്നാൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി അധീർ പിന്നീട് രംഗത്ത് വന്നിരുന്നു.