ന്യൂഡൽഹി: ഗവർണർ സുപ്രീം കോടതിയെ ധിക്കരിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഡിഎംകെ നേതാവ് കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെയാണ് സുപ്രീം കോടതി ശക്തമായ താക്കീത് നൽകിയത്. ഗവർണർ ഭരണഘടന പാലിച്ചില്ലെങ്കിൽ സർക്കാർ എന്തു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ കൂടിയടങ്ങിയ ബെഞ്ച്, പൊന്മുടിയെ മന്ത്രിയാക്കാൻ നാളെ വരെ സമയം അനുവദിച്ചു.
പൊന്മുടിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തുവെങ്കിലും, അദ്ദേഹത്തെ മന്ത്രിയായി സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഭരണഘടനപരമായ ധാർമികത അനുവദിക്കുന്നില്ല എന്നാണ് ഗവർണറുടെ നിലപാട്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാരും പൊന്മുടിയും സുപ്രീം കോടതിയെ സമീപിച്ചത്.
ഗവർണർ ഭരണഘടനയ്ക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാർ നൽകിയ കേസിന്റെ സാങ്കേതികത്വം പറഞ്ഞ് ഗവർണർ എങ്ങനെയാണ് നടപടിയെ ന്യായീകരിക്കുക എന്നും കോടതി ചോദിച്ചു.
‘‘നാളെ നിങ്ങളുടെയാൾ വിശദീകരണം നൽകിയില്ലെങ്കിൽ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണറോട് നിർദ്ദേശിക്കുന്ന ഉത്തരവ് ഞങ്ങൾ പുറപ്പെടുവിക്കും. തമിഴ്നാട് ഗവർണറെയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും കുറിച്ച് ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. അദ്ദേഹത്തിന് ഇത് ചെയ്യാൻ അധികാരമില്ല. സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ കണ്ണുതുറന്നിരിക്കുകയാണ്. നാളെ ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾ വളരെയധികം ആശങ്കയിലാണ്.’’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഗവർണർ സുപ്രീം കോടതിയെ ധിക്കരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അദ്ദേഹത്തെ ഉപദേശിച്ചവർ വേണ്ടവിധം ഉപദേശിച്ചിട്ടില്ല. എനിക്ക് മനുഷ്യരെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ വേറൊരു വീക്ഷണം ഉണ്ടായിരിക്കാം. പക്ഷേ നമ്മൾ ഭരണഘടന അനുസരിച്ച് പോകണം. ഒരു വ്യക്തിയെ നിയമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ, പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി ഗവർണർ അതു ചെയ്യണം. അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ്.’’– ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നേരത്ത അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു.എന്നാൽ ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്കു മാത്രമാണു തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവർണർ തള്ളുകയായിരുന്നു.