കൊച്ചി: നർത്തകനും നൃത്താധ്യാപകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലമണ്ഡലം സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്. 2022 നവംബർ 2 ന് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സത്യഭാമയുടെ മകൻ അനുപിൻ്റെ ഭാര്യയാണ് പരാതിക്കാരി. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അനൂപ് ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്. എന്നാൽ പൊലീസിൻ്റെ എഫ്ഐആറിൽ വിവരിച്ചിരിക്കുന്നത്. സ്ത്രീധനത്തിനായി തന്നെ സത്യഭാമ പല തവണ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് മരുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത എഫ്ഐആറിൽ പറയുന്നു
ആദ്യം 35 പവൻ സ്ത്രീധനമായി വാങ്ങി. പിന്നീട് ഇത് കുറഞ്ഞു പോയി എന്ന കാരണത്താൽ പല തവണ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചു. പത്ത് ലക്ഷം രൂപ സ്ത്രീധനമായി മാതാപിതാക്കളുടെ കയ്യിൽ നിന്നും വാങ്ങിത്തരണം എന്ന് നിർബന്ധിച്ചു. മരുമകളുടെ മാതാപിതാക്കൾ താമസിക്കുന്ന വീടും സ്ഥലവും തൻ്റെ മകനായ അനൂപിൻ്റെ പേരിൽ എഴുതി നൽകണമെന്നും സത്യഭാമ നിർബന്ധിച്ചുവെന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.
സത്യഭാമയുടെ പീഡനം സഹിക്കാതെ വന്നപ്പോൾ മരുമകൾ തൻ്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.പിന്നീട് മാതപിതാക്കൾ നടത്തിയ ഒത്തുതീർപ്പിൻ്റെ ഫലമായി വീണ്ടും ഭർത്താവിൻ്റെ വീട്ടിലെത്തി.എന്നാൽ തൻ്റെ മകന് നിന്നെ വേണ്ട എന്ന് ആക്രോശിച്ചു കൊണ്ട് മരുമകളുടെ താലിമാല പൊട്ടിച്ച് സത്യഭാമ മകൻ്റെ ഭാര്യയുടെ കരണത്തടിച്ചതായും എഫ്ഐആറിൽ പറയുന്നു. സത്യഭാമക്കെതിരായ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചതായും കൻ്റോൺമെൻ്റ് പൊലീസ് അറിയിച്ചു.