പള്ളിയും പള്ളിക്കാരെയും തിരഞ്ഞു പിടിച്ച് ഹിന്ദു വര്‍ഗീയവാദികള്‍ ഹിംസിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 122 ക്രിസ്ത്യാനികളെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയിട്ടും ചോദിക്കാനാളില്ല. വൈദികരും പാസ്റ്ററന്മാരും ഉള്‍പ്പെടെയുള്ളവരാണ് അകത്തു കിടക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 15 വരെയുള്ള കണക്കാണിത്. ക്രൈസ്തവരെ സാമൂഹ്യമായി ഒറ്റപ്പെടുത്തി, ആക്രമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡാണ്.
ഛത്തീസ്ഗഡ് കഴിഞ്ഞാല്‍ ക്രൈസ്തവരെ ആക്രമിക്കുന്നതിന് കുപ്രസിദ്ധി നേടിയ സംസ്ഥാനം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. ഇവിടെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അതിക്രമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ രൂക്ഷമായി നടക്കുന്നുവെന്നാണ് യുസിഎഫിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം മാത്രം 36 ആക്രമണങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍. വ്യാജ പരാതികളുടെ പേരില്‍ വൈദികര്‍ക്കും പാസ്റ്ററന്മാര്ക്കുമെതിരെ 30 ലധികം കേസുകള്‍ മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2024 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെയുള്ള 75 ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി 161 അക്രമ സംഭവങ്ങള്‍ നടന്നതായാണ് യുസിഎഫിന്റെ റിപ്പോര്‍ട്ട്. ജനുവരിയില്‍ 70 ആക്രമണങ്ങളും, ഫെബ്രുവരിയില്‍ 62 ആക്രമണങ്ങളും മാര്‍ച്ച് 15 വരെ 29 ആക്രമണങ്ങളും നടന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രാമങ്ങളിലെ കുഴല്‍ക്കിണറുകളില്‍ നിന്ന് ക്രിസ്ത്യാനികള്‍ വെള്ളമെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കില്ല.
പല ഗ്രാമങ്ങളിലും അക്രമങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ 2022 ല്‍ പലായനം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സമാന ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. മധ്യപ്രദേശില്‍ 14, ഹരിയാനയില്‍ 10, രാജസ്ഥാനില്‍ 9, ജാര്‍ഖണ്ഡില്‍ 8, കര്‍ണാടകയില്‍ 8, പഞ്ചാബില്‍ 6, ആന്ധ്രപ്രദേശില്‍ 6, ബീഹാറില്‍ 3, ഗുജറാത്തില്‍ 3, തമിഴ്നാട്ടില്‍ 2, തെലുങ്കാനയില്‍ 2, ഒഡീഷയില്‍ രണ്ടും ആക്രമണങ്ങളാണ് നടന്നിരിക്കുന്നത്.
ബംഗാള്‍, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട, ഡല്‍ഹി എന്നിവടങ്ങളില്‍ ഓരോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ലത്തീന്‍ അതിരൂപത കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും ഇതിനെതിരായി സഭ നാളെ ( മാര്‍ച്ച് 22) സംസ്ഥാന വ്യാപകമായി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കയാണ്.