ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി.
ഡൽഹി മദ്യനയ കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്നാണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത് മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇരുപക്ഷവും കേട്ടിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ സംരക്ഷണം നൽകാനാകില്ലെന്നും കോടതി പറഞ്ഞു. ഹർജി ഏപ്രിൽ 22 ന് കോടതി വീണ്ടും പരിഗണിക്കും.
വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഒൻപതാമത്തെ തവണയും സമൻസ് അയച്ചതോടെയാണ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തുടർച്ചയായി ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്നത്.