തിരുവനന്തപുരം: കാലടി സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലർ. കാലിക്കറ്റ് സർവകലാശാലയിലെ ഡോ.കെ.കെ.ഗീതാകുമാരിയെ വിസിയായി ചുമതലപ്പെടുത്തിക്കൊണ്ട് രാജ്ഭവൻ ഉത്തരവിറക്കി. നിലവിലെ വിസി ഡോ.എം.വി.നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയിരുന്നു.
മാർച്ച് ഏഴിനാണ് കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിനെയും കാലടി വൈസ് ചാൻസലർ ഡോ. എം.വി. നാരായണനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഇതിനെതിരെ ഇരുവരും ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കാലിക്കറ്റ് വി.സിയെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തപ്പോൾ കാലടി വി.സിയെ പുറത്താക്കിയ ഉത്തരവിൽ ഇടപെട്ടില്ല. കാലടി സര്‍വകലാശാല വി.സി നിയമനത്തില്‍, ഡോ. എം.വി. നാരായണന്റെ പേരു മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നത്. ഇത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.