ലഖ്നോ: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുകയും ചെയ്തെന്ന കേസില്‍ 2018ല്‍ യുപി പോലിസ് അറസ്റ്റ് ചെയ്തയാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ പൃഥ്വിഗഞ്ച് നഗര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് ഭീകരവാദക്കേസില്‍ ജയിലില്‍നിന്നിറങ്ങിയ സഞ്ജയ് സരോജിനെയാണ് ബിജെപി സ്ഥാനാര്‍ഥിയും എംപിയുമായ സംഗം ലാല്‍ ഗുപ്ത കാവിഷാള്‍ അണിയിച്ച് സ്വീകരിച്ചത്.
2018ലാണ് യു.പി എ.ടി.എസ് സഞ്ജയ് സരോജിനെ വീട്ടിൽനിന്നു പിടികൂടുന്നത്. ലഷ്കറുമായി ബന്ധമുണ്ടെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് എത്തിച്ചുനൽകുന്നുവെന്നതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇതേ കുറ്റം ആരോപിക്കപ്പെട്ട് പത്തുപേർ ഈ സമയത്ത് യു.പിയിൽ എ.ടി.എസിന്റെ പിടിയിലായിരുന്നു. ഇതിൽ എട്ടുപേർ യു.പിയിൽനിന്നുള്ളവരും ഒരാൾ ബിഹാർ സ്വദേശിയും മറ്റൊരാൾ മധ്യപ്രദേശ് സ്വദേശിയുമാണ്. സഞ്ജയ് സരോജിന്റെ വീട്ടിൽനിന്ന് 27 പാസ്ബുക്കുകൾ പിടിച്ചെടുക്കുകയും നേപ്പാളിലും ബംഗ്ലാദേശിലുമുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചതിനുള്ള തെളിവ് കണ്ടെത്തുകയും ചെയ്തതായി അന്ന് യു.പി എ.ടി.എസ് തലവനായിരുന്ന അസീം അരുൺ വാദിച്ചിരുന്നു. വർഷങ്ങൾ തടവുശിക്ഷ അനുഭവിച്ച ശേഷം അടുത്തിടെയാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനുശേഷമാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
ജയില്‍മോചിതനായ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ സഞ്ജയ് സമാജ് വാദി പാര്‍ട്ടിയോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും വിവാദം ഭയന്ന് പിന്‍വലിയുകയായിരുന്നു. ഇയാളുടെ ഭാര്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ് സുപ്രധാനമായ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപി സ്വീകരിച്ചത്. ദേശീയതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപി തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട ഒരാളെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തി സമൂഹത്തില്‍ അവര്‍ക്ക് ക്ലീന്‍ ഇമേജ് നല്‍കുകയാണെന്ന് എസ്പി നേതാവ് മനീഷ് പാല് വിമര്‍ശിച്ചു. ചില എംപിമാര്‍ വ്യക്തിപരമായി ആളുകളെ ചേര്‍ക്കുകയാണെന്നും സംഘടനയ്ക്ക് അതില്‍ ബന്ധമില്ലെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും ഇതുവരെ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് ആശിഷ് ശ്രീവാസ്തവ പറഞ്ഞത്. സഞ്ജയ് ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞെന്നും ബിജെപി വാഷിങ് മെഷീനാണെന്നും എസ്പി നേതാവ് ഐപി സിങ് പരിഹസിച്ചു.