വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടി സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ ചെറുമകൻ ദാവൂദ് മിയാഖാൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവും നാഷണൽ വിമൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (NFWI) ജനറൽ സെക്രട്ടറിയുമായ ആനി രാജയ്ക്കെതിരെ വയനാട് ലോക്സഭാ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചത് നിരാശാജനകമാണെന്നും അദ്ദേഹം രാഹുലിന് അയച്ച കത്തിൽ പറഞ്ഞു.
ഖാഇദെ മില്ലത്തിന്റെ ചെറുമകനായതുകൊണ്ട് 50 വർഷത്തിലേറെയായി മലബാറിലെ വോട്ടർമാരെ അറിയുമെന്നും പാർലമെൻറിൽ ഇടതുപക്ഷ ശബ്ദത്തിന് കരുത്ത് പകരാൻ സിപിഐ നേതാവിന് അനുകൂലമായി മുസ്ലിംകൾ ഇത്തവണ വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പിക്കാനാകുമെന്നും ദാവൂദ് മിയാഖാൻ കത്തിൽ അവകാശപ്പെട്ടു. അതിനാൽ, തമിഴ്നാട്ടിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കണമെന്നും അവിടെ ഏറ്റവും വലിയ വിജയം ഉറപ്പാക്കാൻ കഴിയുമെന്ന് അറിയിക്കുന്നതായും ദാവൂദ് മിയാഖാൻ രാഹുലിനോട് പറഞ്ഞു.
കേരളത്തിൽ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ഇൻഡ്യ മുന്നണിയുടെ രണ്ട് പ്രധാന സ്തംഭങ്ങളാണ് മുൻനിര മുന്നണികളായ എൽഡിഎഫും യുഡിഎഫും എന്നത് നിഷേധിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ മതേതര ജനാധിപത്യ സർക്കാർ രൂപീകരിക്കുന്നതിൽ അവയ്ക്ക് ഏകാഭിപ്രായമാണെന്നും ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങൾ എതിർക്കുന്നതിലും ജനാധിപത്യ സർക്കാർ സ്ഥാപിക്കാനുള്ള ശ്രമത്തിലും ഇടതുപാർട്ടികൾ മുൻപന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ സഖ്യത്തിലെ മുൻനിര കക്ഷിയായ കോൺഗ്രസിന് വിജയം ഉറപ്പിക്കാൻ നിരവധി മണ്ഡലങ്ങളുണ്ടെന്നും എന്നാൽ ഇടതുപാർട്ടികൾക്ക് കേരളത്തിലെ കുറച്ചു മണ്ഡലങ്ങളോയുള്ളൂവെന്നും ദാവൂദ് മിയാഖാൻ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഗവൺമെന്റിനെ നയിക്കാൻ പാർലമെന്റിൽ ഇടതുപക്ഷ അംഗങ്ങളുടെ ഒരു വലിയ നിര ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കത്തില് പറഞ്ഞു.