ന്യൂഡൽഹി: തമിഴ്നാട് സർക്കാരിന്റെ ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ സ്റ്റേ ചെയ്തതാണെന്ന് ചൂണ്ടികാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, കോടതി സ്റ്റേ ചെയ്ത നടപടിയില്‍ പിന്നീട് മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമെന്നും ചോദിച്ചു.
ഗവർണർ ഭരണഘടന പാലിച്ചില്ലെങ്കിൽ സർക്കാർ എന്തു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേന്ദ്രസർക്കാരിനോട് ചോദിച്ചു. ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ കൂടിയടങ്ങിയ ബെഞ്ച്, പൊന്മുടിയെ മന്ത്രിയാക്കാൻ നാളെ വരെ സമയം അനുവദിച്ചു.
‘‘നാളെ നിങ്ങളുടെ ആൾ വിശദീകരണം നൽകിയില്ലെങ്കിൽ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണറോട് നിർദ്ദേശിക്കുന്ന ഉത്തരവ് ഞങ്ങൾ പുറപ്പെടുവിക്കും. തമിഴ്നാട് ഗവർണറെയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും കുറിച്ച് ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. അദ്ദേഹത്തിന് ഇത് ചെയ്യാൻ അധികാരമില്ല. സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ കണ്ണുതുറന്നിരിക്കുകയാണ്. നാളെ ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾ വളരെയധികം ആശങ്കയിലാണ്.’’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഗവർണർ സുപ്രീം കോടതിയെ ധിക്കരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അദ്ദേഹത്തെ ഉപദേശിച്ചവർ വേണ്ടവിധം ഉപദേശിച്ചിട്ടില്ല. എനിക്ക് മനുഷ്യരെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ വേറൊരു വീക്ഷണം ഉണ്ടായിരിക്കാം. പക്ഷേ നമ്മൾ ഭരണഘടന അനുസരിച്ച് പോകണം. ഒരു വ്യക്തിയെ നിയമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ, പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി ഗവർണർ അതു ചെയ്യണം. അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ്.’’– ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ ഗവർണർ ആർ.എൻ.രവിക്കെതിരെ തമിഴ്നാട് സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നൽകാൻ ഗവർണറോട് കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.