കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. രണ്ടാഴ്ചയോളമായി പ്രദേശത്ത് ഭീതി പരത്തി കറങ്ങിനടക്കുകയായിരുന്ന കടുവയാണ് കൂട്ടിലായത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചത്.
ഇക്കഴിഞ്ഞ അഞ്ച് ദിവസത്തോളമായി കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടന്നുവരികയായിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ പക്ഷേ കടുവയെ കണ്ടെത്താനായിരുന്നില്ല.
ഇടയ്ക്ക് കടുവയെ കാണുമെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സൗകര്യത്തില്‍ ഇതിനെ കണ്ടുകിട്ടുന്നില്ലായിരുന്നു. ഇന്നലെയും ഇതുപോലെ കരിയൻകാപ്പ് യക്ഷിക്കോട്ടയിലും രാജമലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് കടുവയെ മയക്കുവെടി വെക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ ആദ്യ ശ്രമം പരാജയപ്പെടുകയും കടുവ ഒരു കൃഷിയിടത്തിലേക്ക് ഓടി മാറുകയുമായിരുന്നു. തുടര്‍ന്ന് അവിടെ വെച്ചാണ് കടുവയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടച്ചത്.
ഏതായാലും കടുവയെ പിടികൂടിയതോടെ വലിയ ആശ്വാസത്തിലാണ് ജനങ്ങള്‍. ഏറെ നാളുകളായി ജനവാസ മേഖലയില്‍ തന്നെ തുടരുകയായിരുന്നു കടുവ. വീടുകളിലെ വളര്‍ത്തുനായ്ക്കളെ കടുവ പിടികൂടുന്നത് സ്ഥിരം സംഭവമായിരുന്നു. പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു.
അതേസമയം, കടുവയെ എങ്ങോട്ട് കൊണ്ടുപോകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. അടയ്ക്കാത്തോടിന് സമീപമാണ് ആറളം വന്യജീവി സങ്കേതം. എന്നാല്‍ ഇവിടെ കടുവയെ തുറന്നുവിടരുതെന്നാണ് ജനങ്ങളുടെ ആവശ്യം. മുമ്പ് ചെയ്തതുപോലെ തൃശൂരിലേക്കോ മറ്റോ മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.