ന്യൂഡല്‍ഹി: ചോദ്യക്കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം പി മഹുവ മൊയ്ത്രയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ലോക്പാലിന്റെ നിര്‍ദേശ പ്രകാരമാണ് സിബിഐയുടെ നടപടി.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ കോഴ വാങ്ങിയെന്ന് കാട്ടി ബിജെപി ലോക്സഭാംഗം നിഷികാന്ത് ദുബെയുടെ ആരോപണത്തിലാണ് ഇപ്പോള്‍ സിബിഐ നടപടിയെടുത്തിരിക്കുന്നത്. ആറ് മാസത്തിനകം മഹുവയ്ക്കെതിരായ പരാതി വിശദമായി അന്വേഷിക്കാനാണ് ലോക്പാല്‍ സിബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. അധാര്‍മിക പെരുമാറ്റമെന്ന ആരോപണമുന്നയിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെിരെ മഹുവ സുപ്രിംകോടതിയെ സമീപിച്ചതിനിടെയാണ് ചോദ്യക്കോഴ ആരോപണത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ ഈ ആരോപണത്തിൽ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ഡല്‍ഹിയിൽ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനായി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് മഹുവയുടെ മുൻ സുഹൃത്ത് ആനന്ത് ദെഹദ്രായി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവര്‍ പരാതി ഉന്നയിച്ചത്. ഇതിലായിരുന്നു പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ പരിശോധന. ലോക്സഭാംഗത്വം നഷ്ടമായതിന് പിന്നാലെ മഹുവയ്ക്ക് ദില്ലിയിലെ ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നിരുന്നു.
മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും ആരോപണത്തെ സാധൂകരിക്കുന്ന വിധത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുമുണ്ടെന്നായിരുന്നു ലോക്പാലിന്റെ നിഗമനം. ജസ്റ്റിസ് അഭിലാഷ കുമാരി, അംഗങ്ങളായ അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിംഗ് എന്നിവരടങ്ങുന്ന ലോക്പാല്‍ ബെഞ്ചിന്റേതായിരുന്നു സുപ്രധാന തീരുമാനങ്ങള്‍.