ഡല്‍ഹി: അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതിരെ രൂക്ഷ പ്രതിഷേധവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാഷ്ട്രീയത്തെ തരംതാഴ്ത്തുകയാണ്, കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് ഭരണഘടനാവിരുദ്ധവും തെറ്റുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘തെരഞ്ഞെടുപ്പിൽ പോരാടി വിമർശകരെ നേരിടുകയും അവരുടെ നയങ്ങളെയും പ്രവർത്തനശൈലിയേയും ആക്രമിക്കുന്നതാണ് ജനാധിപത്യരീതി. എന്നാൽ രാജ്യത്തെ സ്ഥാപനങ്ങളുടെ ശക്തി ഉപയോഗിച്ച് എതിരാളികളെ ദുർബലപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങൾക്ക് എതിരാണെന്നും പ്രിയങ്ക കുറിച്ചു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി തരംതാഴുന്നത് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ നല്ലതല്ല. രാജ്യത്തെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളേയും അവരുടെ നേതാക്കളേയും ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളേയും ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുന്നുവെന്നും-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
കെജ്രിവാളിന്റെ അറസ്റ്റ് പുത്തന്‍ ജനകീയ വിപ്ലവത്തിന് ജന്മം നല്‍കുമെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. തോല്‍വി ഭയത്താല്‍ സ്വയം തടവറയിലായവര്‍ മറ്റൊരാളെ ജയിലിലടച്ച് എന്ത് ചെയ്യും. ഇനി അധികാരത്തില്‍ വരില്ലെന്ന് ബി.ജെ.പിക്ക് അറിയാം. ഈ ഭയം കാരണം അവര്‍ പ്രതിപക്ഷ നേതാക്കളെ പൊതുജനമധ്യത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് മണിക്കൂർ നേരം ഇ.ഡി സംഘം അരവിന്ദ് കേജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കെജ്രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇതിന് ശേഷം കെജ്രിവാളിനെ ഇ.ഡി സംഘം കൊണ്ടുപോകും. അതേസമയം അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമർശിച്ച ആം ആദ്മി പാർട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി.