ന്യൂഡല്‍ഹി: എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്നും പണംതട്ടുക, മുഖ്യ പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക തുടങ്ങി ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണെന്നും -രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെ അപലപിച്ച് ഇന്ത്യ സഖ്യം രംഗത്ത് വന്നു. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ പാവകളായി പ്രവർത്തിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. എഎപിക്ക് 400 സീറ്റ് കിട്ടില്ലെന്ന് കേജ്‌രിവാളിന്റെ അറസ്റ്റോടെ തെളിഞ്ഞെന്നായിരുന്നു ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടത്.
അതേസമയം, സത്യം ജയിച്ചെന്ന് കേജ്‍രിവാളിന്റെ അറസ്റ്റിനു പിന്നാലെ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ് പറഞ്ഞു. സത്യം ജയിക്കണമെന്നും കേജ്‍രിവാളിന്റെ പാപത്തിന്റെ ഫലം അദ്ദേഹം അനുഭവിക്കണമെന്നും സച്ച്ദേവ് പറഞ്ഞു. മദ്യനയ അഴിമതി കേസിൽ 2020 മുതൽ കേജ്‍രിവാൾ ഒളിച്ചുകളിക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. കേജ്‍രിവാളും ആം ആദ്മി സർക്കാരും ചേർന്ന് ഡൽഹിയിലെ യുവാക്കളെ മദ്യാസക്തിയിലേക്ക് തള്ളിവിടാനുള്ള ഗൂഢശ്രമമാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.