രാത്രി കർഫ്യൂവിൽ പ്രതിഷേധിച്ച് കോഴിക്കോട് എന്‍ഐടി വിദ്യാർത്ഥികൾ:പ്രധാന കവാടങ്ങൾ ഉപരോധിച്ചു

കോഴിക്കോട്:സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീൻ പുറപ്പെടുവിച്ച സര്‍ക്കുലറിൽ പ്രതിഷേധിച്ച്  കോഴിക്കോട് എന്‍ഐടി വിദ്യാർത്ഥികൾ.എൻഐടിയിലെ രാത്രി കർഫ്യൂവിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.മുക്കം റോഡിലെ പ്രധാന കവാടവും രാജ്പഥിലും വിദ്യാർഥികൾ ഇരുന്നു പ്രതിഷേധിക്കുന്നുണ്ട്.

മലയമ്മ റോഡിൽ ആർക്കിടെക്ചർ ബ്ലോക്കിനു സമീപമുള്ള കവാടവും ഉപരോധിക്കുകയാണ്. കെമിക്കൽ എൻജിനീയറിങ് ബ്ലോക്ക് കവാടവും തടയുമെന്നു വിദ്യാർഥികൾ അറിയിച്ചു.ജീവനക്കാർ അടക്കമുള്ളവരെ അകത്തേക്കു കടത്തി വിടാതെയാണു പ്രതിഷേധം.കെമിക്കൽ എൻജിനീയറിങ് ബ്ലോക്ക് കവാടവും തടയുമെന്നു വിദ്യാർഥികൾ അറിയിച്ചു. 

24 മണിക്കൂറും തുറന്നിരുന്ന ക്യാംപസ് ഇനി രാത്രി 11നുശേഷം പ്രവര്‍ത്തിക്കില്ലെന്നാണു സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീൻ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണം. ലംഘിക്കുന്നവരെ ഹോസ്റ്റലില്‍നിന്നു സസ്പെൻഡ് ചെയ്യുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

ക്യാംപസിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനവും രാത്രി വൈകി കന്റീനുകള്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷാ വീഴ്ചയുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു രാത്രി സഞ്ചാരത്തിനു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 11 മണിയോടെ കന്റീനുകളും അടയ്ക്കും. വൈകി ഭക്ഷണം കഴിക്കുന്നതു വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനാലാണു കന്റീനുകള്‍ക്കു നിയന്ത്രണം കൊണ്ടുവന്നതെന്നാണു വിശദീകരണം.