സ്ത്രീകളുടെയും പുരുഷൻമാരുടെയും ശ്രദ്ധയ്ക്ക്: ചൂടത്ത് ഉപയോഗിക്കേണ്ട വസ്ത്രങ്ങളെ പറ്റി അറിയാമോ?

വേനൽക്കാലത്ത് നല്ല ഭക്ഷണവും, വെള്ളവും മാത്രം ഉൾപ്പെടുത്തിയാൽ പോരാ. വസ്ത്രധാരണത്തിലും  ശ്രദ്ധ വേണം. കാലാവസ്ഥയ്ക്ക് യോജിക്കാത്തതും, ഇറുകിയതുമായ വസ്ത്രങ്ങൾ ശരീരത്തിൽ ഇൻഫെക്ഷൻ ഉണ്ടാക്കും. ചൊറിച്ചിൽ, തിണർപ്പ് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. 

വേനൽക്കാലത്ത് ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം? 

വേനൽക്കാലത്ത്  കോട്ടൻ, ലിനൻ, സിൽക്ക് എന്നീ തുണികൾ ചർമത്തിന് ഏറെ അനുയോജ്യമാണ്. വേനൽക്കാലലത്ത് വിയർപ്പ് വളരെയധികം കൂടുതലായിരിക്കും. ഇത്തരം തുണികൾ വിയർപ്പിനെ വലിച്ചെടുക്കാനും ചർമത്തിന് ശരിയായി ശ്വസിക്കാനും സഹായിക്കും. സിന്തെറ്റിക്ക് ഫാബ്രിക്കുകൾ ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമാകും.

ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിന് യോജിച്ചത്. പ്രത്യേകിച്ചും വെള്ള നിറം. ചൂട് വലിച്ചെടുക്കില്ല എന്നതാണ് കാരണം. കറുപ്പും മറ്റ് കടും നിറങ്ങളും ചൂട് വലിച്ചെടുക്കുന്നവയാണ്. ചൂട് കൂടുതൽ അനുഭവപ്പെടുകയും ചെയ്യും.

ടൈറ്റ് ഫിറ്റ് ഡ്രെസ്സുകൾ ഒഴിവാക്കാം. ചൂടുകാലത്തിന് യോജിക്കുന്നത് ലൂസ് ഡ്രസ്സുകളാണ്. ജീൻസ് പോലുള്ളവ ഒഴിവാക്കി ബെൽപാന്റസ്, റാപ്പ് പാന്റ്സ് പോലുള്ള ലൂസ് പാന്റ്സുകൾ ഉപയോഗിക്കാം. ലൂസ് അല്ലെങ്കൽ ഓവർ സൈസ് ഷർട്ടുകളും ടോപ്പുകളും ബ്ലൗസുകളും തിരഞ്ഞെടുക്കാം. ഇറുകിയ വസ്ത്രങ്ങൾ ചൂട് കൂടുന്നത് മാത്രമല്ല വിയർപ്പ് അടിഞ്ഞ് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.

സ്ലീവ്ലെസ്സും ലൂസ് സ്ലീവ് ഡ്രസ്സുകളും വേനൽക്കാലത്തിന് ഏറെ യോജിച്ചവയാണ്. വായു സഞ്ചാരം കൂടുതലുണ്ടാവും എന്നതു തന്നെ കാരണം. ചർമത്തിന് ശ്വസിക്കാനിടം കിട്ടും. ഡ്രസ്സ് കോഡ് ഉണ്ടെങ്കിൽ ഷോർട്ട് സ്ലീവുകൾ, പഫ് സ്ലീവ്, ലൂസ് സ്ലീവുകൾ എന്നിവയുള്ള വസ്ത്രം ധരിക്കാം.

സാരികളിൽ കോട്ടൺ സാരികളാണ് മികച്ചത്. മൽമൽ കോട്ടൺ, ലിനൻ, ലിനൻ മിക്സ്ഡ് കോട്ടൺ, ഖാദി എന്നിവ തിരഞ്ഞെടുക്കാം. ഇത്തരം സാരികൾ ഇപ്പോൾ ട്രെൻഡ് ലിസ്റ്റിൽ ഒന്നാമതാണ്.

ഡെനിം, ജീൻസ് എന്നിവ ഇപ്പോൾ നിത്യ ജീവിത്തിന്റെ ഭാഗമാണ്. വേനലിൽ അത്തരം വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ രാത്രിസമയങ്ങളിൽ ധരിക്കുന്നതാണ് നല്ലത്. പകൽ സമയങ്ങളിൽ ഡെനിമിന് പകരം കോട്ടൺ മിക്സായുള്ള ഇൻഡിഗോ കളക്ഷനുകൾ പരീക്ഷിക്കാം. പ്യുവർ കോട്ടൺ ഫാബ്രിക്കിലുള്ള ഇക്കത്ത് ഫാബ്രിക്കുകൾ ഉപയോഗിക്കാം.

 ടീനേജ്, ചെറിയ കുട്ടികൾക്ക് ഷോർട്ട് ഡ്രെസ്സുകൾ നൽകാം സ്കർട്ട്, ട്രൗസറുകൾ എന്നിവയെല്ലാം പരീക്ഷിക്കാം. കുട്ടികൾക്ക് കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്. സ്മൂത്ത് കോട്ടൺ ആണ് മികച്ചത്. സ്ലീവ് ലെസ്സ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

പുരുന്മാർക്ക് പാന്റ്സിൽ ഡെനിം ഒഴിവാക്കാം. ലിനൻ ഷർട്ടുകൾ ഉപയോഗിക്കാം. ഒഫിഷ്യൽ എക്സിക്യൂട്ടീവ് ലുക്ക് നൽകും. ലിനൻ പാന്റ്സ്, ലൈറ്റ് വെയിറ്റ് ഡെനിം എന്നിവ തിരഞ്ഞെടുക്കാം. ഷോർട്ട് സ്ലീവുകൾ ധരിക്കുന്നതാണ് നല്ലത്. കോട്ടൺ ടീ ഷർട്ടുകളും നല്ലതാണ്. പാർട്ടി വെയറുകളായി കോട്ടൺ കുർത്തകൾ ധരിക്കാം. ഇളം നിറങ്ങളാണ് മികച്ചത്. ഷൂ ധരിക്കുമ്പോൾ ലെതർ ഷൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.